
ചെന്നൈ: ബംഗലുരു ജയിലിലെ നാലു വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശശികല കാറോടിച്ച് എത്തുന്നത് തമിഴ്നാടില്‍ തുടക്കമിടുന്ന മറ്റൊരു രാഷ്ട്രീയ നാടകത്തിലേക്ക്. ജയലളിതയുടെ ജീവതത്തിന്റെ മറ്റൊരു ചാലകശക്തിയായിരുന്ന ശശികല വീറോടെ തിരിച്ചു വരുമ്പോള്‍ ഏറ്റവും വെല്ലുവിളിയാകുക ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് തന്നെ. അനധികൃത സ്വത്തുസമ്പാദന കേസില്‍ നാലു വര്‍ഷത്തോളം കര്‍ണാടകത്തിലെ ജയലിലായിട്ടും തിരിച്ചുവരുന്ന ശശികലയ്ക്ക് അണികള്‍ നല്കുന്ന വന്‍ സ്വീകരണം നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുന്ന സാഹചര്യത്തില്‍ എഐഎഡിഎംകെയെ ഞെട്ടിക്കുന്നത് ചെറുതായിട്ടൊന്നുമല്ല.
ശശികലയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി അണ്ണാ ഡിഎംകെയില്‍ ഇപ്പോള്‍ തന്നെ ഭിന്നത രൂക്ഷമാണ്. ശശികല മോചിതയാകുന്നെന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ തന്നെ പണീര്‍ ശെല്‍വവും പളനിസ്വാമിയും ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തെങ്കിലും ജയലളിതയെ ചതിച്ചവര്‍ എന്ന് പറഞ്ഞ് അവര്‍ തള്ളിയിരുന്നു. ക്ഷമാപണം നടത്തിയാല്‍ ശശികലയെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നതാണ് മുനിസ്വാമി നേതൃത്വം നല്കുന്ന ഒരു വിഭാഗം പറയുന്നത്. ശശികല എത്തുന്നതോടെ പാര്‍ട്ടി നേതാക്കളില്‍ ഒരു നല്ല വിഭാഗം അവര്‍ക്കൊപ്പം പോയേക്കുമെന്ന അഭ്യൂഹങ്ങള്‍ ഒപിഎസ് - ഇ പിഎസ് വിഭാഗത്തിന് തിരിച്ചടിയാണ്.
ജയലളിതയുടെ മരണ ശേഷം, പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം ഒറ്റക്കെട്ടായാണു ശശികലയെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എന്നാല്‍ ജയലളിതയുടെ കാലത്ത് തന്നെ താല്‍ക്കാലികമായി മുഖ്യമന്ത്രിപദം നല്കിയ പണീര്‍ ശെല്‍വം വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. പിന്നീട് ശശികല ജയിലിലാകുകയും എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി പദത്തില്‍ എത്തുകയും ബിജെപി മദ്ധ്യസ്ഥതയില്‍ ഇപിഎസും ഒപിഎസും ഒന്നിക്കുകയും ചെയ്തതോടെയാണ് ശശികല പുറത്തായത്. 2017 സെപ്റ്റംബറില്‍ വിളിച്ചു ചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗം ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നീക്കി. ജനറല്‍ സെക്രട്ടറി പദം ജയലളിതയ്ക്കുള്ള ആദരമാക്കി വെച്ചു.
്എന്നാല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി അറിയാതെ ജനറല്‍ കൗണ്‍സില്‍ വിളിക്കാനാകില്ലെന്നും യോഗം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ശശികല കോടതിയെ സമീപിക്കുകയും ഇപ്പോഴും നിയമനടപടി തുടരുകയുമാണ്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ശശികല ജയളിതയുടെ കാറില്‍ അണ്ണാഡിഎംകെ കൊടി വെച്ച് എത്തുന്നത് തന്നെ താന്‍ ജനറല്‍ സെക്രട്ടറിയാണെന്ന് എതിരാളികള്‍ക്ക് നല്കുന്ന സൂചനയാണെന്ന് വിലയിരുത്തലുണ്ട്. ശശികലയുടെ നേതൃത്വത്തില്‍ അണ്ണാഡിഎംകെ വീണ്ടെടുക്കുമെന്ന് കഴിഞ്ഞ ദിവസം ദിനകരന് പറഞ്ഞിരുന്നു. അണ്ണാഡിഎംകെയില്‍ നിന്നു പുറത്താക്കപ്പെട്ട ടി.ടി.വി.ദിനകരന് അമ്മ മക്കള്‍ മുന്നേറ്റ കഴകം രൂപീകരിച്ചപ്പോള്‍ അതിന്റെ ജനറല്‍ സെക്രട്ടറിയാക്കിയത് ശശികലയെ ആയിരുന്നു. എന്നാല്‍ പിന്നീട് സ്വയം ജനറല്‍ സെക്രട്ടറിയാകുകയും ചെയ്തു.
ബംഗലുരുവിലെ റിസോര്‍ട്ടില്‍ നിന്നും തമിഴ്നാട്ടിലേക്ക് റോഡ്ഷോയായാണ് ശശികല എത്തുന്നത്. 32 ഇടങ്ങളിലാണ് അവര്‍ സ്വീകരണം ഏറ്റുവാങ്ങുന്നത്. ചിന്നമ്മ വാഴ്ക വിളികളും കാറിന് മുന്നില്‍ പുഷ്പവൃഷ്ടിയും ആരതിയുമെല്ലാം അര്‍പ്പിച്ചായിരുന്നു അണികള്‍ വരവേറ്റത്. ജയില്‍ മോചിതയായതിന് പിന്നാലെ ശശികലയെ അനുകൂലിച്ചുള്ള പോസ്റ്ററുകള്‍ തമിഴ്നാട്ടിലെങ്ങും പ്രത്യക്ഷപ്പെട്ടിരുന്നു. ഒ പനീര്‍ശെല്‍വത്തിന്റെ തട്ടകമായ തേനിയിലടക്കം പോസ്റ്ററുകളാണ്.
ജയില്‍ ശിക്ഷ കഴിഞ്ഞ പുറത്തിറങ്ങിയ ശശികല ജയലളിതയുടെ പിന്തുടര്ച്ചാ അവകാശി താനാണെന്ന് അണികള്‍ക്ക് വ്യക്തമായ സൂചന നല്കി അണ്ണാഡിഎംകെ യുടെ കൊടിവെച്ച ജയലളിതയുടെ കാറിലാണ് ബംഗലുരുവില്‍ നിന്നും തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചത്. ശശികല ജയലളിതയുടെ സമാധി സന്ദര്‍ശിക്കുകയും പിന്നാലെ റോയപ്പേട്ടയിലെ അണ്ണാഡിഎംകെ ആസ്ഥാനത്ത് എത്തുകയും ചെയ്യുന്നത് അണ്ണാഡിഎംകെ ഭയത്തോടെയാണ് വീക്ഷിക്കുന്നത്. ശശികലയുടെ വരവില്‍ ജയലളിത - എംജിആര്‍ സമാധികള്‍ അടച്ചുപൂട്ടിയ സര്‍ക്കാര്‍ എഡിഎംകെ ആസ്ഥാനം പോലീസ് കാവലലില് ആക്കുകയും ചെയ്തു. പോയസ് ഗാര്‍ഡനില്‍ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിലെ 6 ഇടങ്ങളിലെ ബംഗ്ലാവും ഭൂമിയുമടക്കം ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടി.
ഇളവരശിയുടേയും സുധാകരന്റെയും പേരിലുള്ള സ്വത്തുക്കള്‍ ബെനാമി നിയമപ്രകാരമാണ് കണ്ടുകെട്ടിയത്. അതേസമയം തന്നെ നിലവില്‍ ശശികലയ്ക്ക് എതിരേ കേന്ദ്ര ഏജന്‍സികള്‍ എടുത്ത അരഡസന്‍ കേസുകള്‍ നിലവിലിരിക്കെ കടുത്ത രാഷ്ട്രീയ നീക്കങ്ങള്‍ ശശികല നടത്തിയേക്കില്ലെന്ന വിലയിരുത്തലുകളുമുണ്ട്. ബിജെപിയുമായി അണ്ണാ ഡിഎംകെ സഖ്യത്തില്‍ തുടരുന്ന സാഹചര്യത്തില്‍ ബിജെപിയെ പിണിക്കിക്കൊണ്ടുള്ള ഒരു നടപടിക്ക് ശശികല മുതിര്‍ന്നേക്കില്ല. അതിനൊപ്പം തന്നെ ബിജെപിയുമായി കൈ കോര്‍ക്കാന്‍ ശശികല തീരുമാനം എടുത്തേക്കും എന്നും സൂചനകളുണ്ട്.






