
ന്യൂഡൽഹി: ഓർത്തോഡോക്സ് -യാക്കോബായ സഭാ തർക്കം പരിഹരിക്കുന്നതിനുള്ള കരട് ബിൽ തയ്യാറായി. ഇരുവിഭാഗങ്ങളും തമ്മിൽ തർക്കം ഉണ്ടാകുന്ന സാഹചര്യത്തിൽ ഭൂരിപക്ഷം നോക്കി തീരുമാനം കൈക്കൊള്ളാം എന്നാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥ. ജസ്റ്റിസ് കെ ടി തോമസിന്റെ അധ്യക്ഷതയിൽ ഉള്ള സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷനാണ് കരട് ബില്ല് തയ്യാറാക്കിയത്.
2017 ലെ സുപ്രീം കോടതിയുടെ വിധി അനുസരിച്ചു 1934 ലെ സഭാ ഭരണഘടന പ്രകാരം ആണ് പള്ളികളിൽ ഭരണം നടക്കേണ്ടത് . എന്നാൽ സഭാ ഭരണഘടന രജിസ്റ്റർ ചെയ്യപ്പെടാത്ത രേഖ ആയതിനാൽ, അത് ഉപയോഗിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം നിശ്ചയിക്കാൻ കഴിയില്ല എന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട് എന്ന് കരട് ബില്ല് ചൂണ്ടിക്കാട്ടുന്നു.
ഭൂരിപക്ഷം നിശ്ചയിക്കാൻ റഫറണ്ടം നടത്തണം എന്ന് നിർദേശമുണ്ട്. സുപ്രീം കോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉള്ള മൂന്ന് അംഗ അതോറിറ്റി ആണ് റഫറണ്ടം നടത്തേണ്ടത്. അതോറിറ്റിയുടെ തീരുമാനങ്ങൾ എല്ലാ വിശ്വാസികൾക്കും ബാധകം ആയിരിക്കും.
എന്നാൽ, ഉടമസ്ഥാവകാശം സംബന്ധിച്ച പരാതി ഉയരുന്ന പക്ഷം പള്ളിയിൽ തങ്ങൾക്ക് ആണ് ഭൂരിപക്ഷം എന്ന് വ്യക്തമാക്കി സഭാ വിശ്വാസികൾക്ക് ജില്ലാ മജിസ്ട്രേറ്റിന് കത്ത് നൽകാമെന്നും കരട് ബില്ലിൽ പറയുന്നു.






