
ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ ഒരു മുസ്ളീം നേതാവിന് പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നത് പോലും ബുദ്ധിമുട്ടായിരിക്കുമെന്നു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ളവര്‍ ഗദ്ഗദത്തോടെ രാജ്യസഭയില്‍ നിന്നും യാത്ര അയപ്പ് നല്കിയ ഗുലാം നബി ആസാദ് ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
സാഹചര്യം വളരെ മോശമായി. 1979 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മണ്ഡലത്തിലെ സമ്മതിദായകരില്‍ 95 ശതമാനവും ഹിന്ദുക്കളായിരുന്നു. എന്നിട്ടും മഹാരാഷ്ട്രയില്‍ നിന്നും മത്സരിച്ചു ജയിച്ചു. അന്ന് തനിക്കെതിരേ മത്സരിച്ചത് ജനതാപാര്‍ട്ടിയിലെ ഹിന്ദു സ്ഥാനാര്‍ത്ഥി ആയിരുന്നു. എന്നിട്ടു പോലും ജയം നേടാനായിരുന്നു. എന്നാല്‍ ഇന്ന് തെരഞ്ഞെടുപ്പ് കാര്യം ചര്‍ച്ച ചെയ്യാന്‍ വിളിക്കുന്ന ഹിന്ദുനേതാക്കളുടെ എണ്ണം പോലും കുറഞ്ഞു. ആദ്യ കാലത്ത് അത്തരം കാര്യങ്ങള്‍ക്കായി 90 ശതമാനം ഹിന്ദു നേതാക്കളും വിളിച്ചിരുന്നെങ്കില്‍ ഇപ്പോഴത് 40 ശതമാനമായി കുറഞ്ഞു.
ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയുമാണ് പാര്‍ലമെന്റില്‍ എത്തിച്ചത്. ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയിയുമായി ബന്ധം പുലര്‍ത്താന്‍ അന്ന് ഇന്ദിരാഗാന്ധി ആവശ്യപ്പെടുമായിരുന്നു. കാര്യക്ഷമതയുള്ള പ്രതിപക്ഷ നേതാവാകുക എന്നത് വാജ്പേയിയില്‍ നിന്നുമാണ് പഠിച്ചത്. വാജ്പേയി പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ താന്‍ പാര്‍ലമെന്ററി കാര്യ മന്ത്രിയായിരുന്നു. സഭ പ്രവര്‍ത്തിപ്പിക്കാന്‍ ഏറ്റവും ്്എളുപ്പമുള്ള അഞ്ചു വര്‍ഷമായിരുന്നു അത്.
നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോഡി കണ്ണീരോടെയാണ് ഗുലാം നബി ആസാദിനെ പാര്‍ലമെന്റില്‍ നിന്നും വിടവാങ്ങല്‍ നല്‍കിയത്. ഹിന്ദുസ്ഥാനി മുസ്ളീം എന്ന നിലയില്‍ അഭിമാനിക്കുന്നതായി വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. പാകിസ്താനിലേക്ക് പോകാത്ത ഭാഗ്യവാന്മാരില് ഒരാളാണ് താനെന്നും പറഞ്ഞിരുന്നു. കശ്മീരില്‍ ഭീകരതയ്ക്ക് അറുതി വരുത്തണമെന്നതാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞിരുന്നു.
'ജമ്മുകശ്മീരില്‍ എസ്.ബി. കോളേജ് വിദ്യാര്‍ഥി ആയിരുന്നപ്പോള്‍, ഓഗസ്റ്റ് 14ഉം 15ഉം സ്വാതന്ത്ര്യദിനമായി ആചരിക്കാറുണ്ടായിരുന്നു. ഭൂരിഭാഗം പേരും 14 ആണ് ആഘോഷിക്കുക. 15 ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചിരുന്ന വളരെക്കുറച്ചു പേര് താനും സുഹൃത്തുക്കളുമായിരുന്നു. 15 സ്വാതന്ത്ര്യദിനം ആഘോഷിച്ചു കഴിഞ്ഞാല്‍ തല്ല് പേടിച്ച് ഒരാഴ്ച കോളേജില്‍ വരാറില്ലായിരുന്നെന്നും പറഞ്ഞു.






