
ന്യൂഡല്‍ഹി: ഇടത് മുന്നണിവിട്ട് യു.ഡി.എഫില്‍ ഇടം പിടിക്കാനൊരുങ്ങുന്ന പാലാ എം.എല്‍.എ. മാണി സി കാപ്പന് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുകയാണ്. എന്നാല്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനുള്ള കാപ്പന്റെ തീരുമാനത്തെ ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിക്കുകയാണ് പല കോണ്‍ഗ്രസ് പ്രവര്‍ത്തകരും. പുതിയ പാര്‍ട്ടിയുടെ ആവശ്യമില്ലെന്നും കാപ്പന്നേരിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നാല്‍ മതിയെന്നുമാണ് ഇവരുടെ പക്ഷം. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പരസ്യ പ്രസ്ഥാവനയുമായി രംഗത്തുവന്നിരുന്നതോടെ കാപ്പന് പ്രതിരോധത്തിലാവുകയാണ്.
പുതിയ പാര്‍ട്ടി രൂപീകരിച്ച് മറ്റൊരു ഘടകക്ഷിയായി യു.ഡി.എഫിലേക്ക് എത്താനാണ് കാപ്പന്റെ ശ്രമം. എന്നാല്‍ മുല്ലപ്പള്ളിയടക്കം ഒരു വിഭാഗം ഇതിനെഎതിര്ത്ത് രംഗത്തെത്തി. ഇതോടെ മാണി സി. കാപ്പന് കോണ്‍ഗ്രസില്‍ ചേര്‍ന്ന് പാലായില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് ആവര്‍ത്തിച്ചു. ഒരു കോണ്‍ഗ്രസുകാരനായി അദ്ദേഹം പാര്‍ട്ടിയിലേക്ക് വന്ന് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം കാപ്പന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുന്നതിനിടെയാണ് കാപ്പന് കോണ്‍ഗ്രസില്‍ ചേരണമെന്ന ആവശ്യവുമായി മുല്ലപ്പള്ളി രംഗത്തുവന്നത്. പി.ജെ ജോസഫിന്റെ പാര്‍ട്ടിയിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും പാര്‍ട്ടിയിലോ ലയിച്ച് വരണമെന്നാണ് യു.ഡി.എഫിലെ ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്. വലിയ ജനപിന്തുണയില്ലാത്ത ഒരു പുതിയ ഘടകകക്ഷി യു.ഡി.എഫിലേക്ക് വരുന്നതിനോട് മുല്ലപ്പള്ളിയും യോജിക്കുന്നില്ല. ഇതോടെ കാപ്പന് കൂടുതല്പ്രതിസന്ധിയിലാവുകയാണ്. ഇതുവരെ എന്‍.സി.പി. നേതാവ് എന്നറിയപ്പെട്ട കാപ്പന്# ഒരു പക്ഷെ ഇനി കോണ്‍ഗ്രസുകാരനായി അറിയപ്പെട്ടേക്കാം.






