
ന്യൂഡൽഹി: വിപണിയിലും സോഷ്യൽ മീഡിയയിലും വ്യാജ പാഠപുസ്തകങ്ങൾ വ്യാപകമാകുന്നതിനെതിരെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും കർശന മുന്നറിയിപ്പുമായി നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി). വ്യാജവും അനധികൃതവുമായ പുസ്തകങ്ങൾ വാങ്ങി വഞ്ചിതരാകരുതെന്ന് എൻസിഇആർടി ഔദ്യോഗിക അറിയിപ്പിലൂടെ ആവശ്യപ്പെട്ടു.
അച്ചടി രൂപത്തിലും ഡിജിറ്റൽ മാധ്യമങ്ങളിലും ഇത്തരം വ്യാജ പതിപ്പുകൾ പ്രചരിക്കുന്നുണ്ടെന്ന് കൗൺസിൽ തങ്ങളുടെ എക്സ് ഹാൻഡിലിലൂടെ വ്യക്തമാക്കി. പ്രത്യേകിച്ച്, സോഷ്യൽ മീഡിയയിലും മെസ്സേജിംഗ് ആപ്പുകളിലും പ്രചരിക്കുന്ന ഒൻപതാം ക്ലാസിലെ സോഷ്യൽ സയൻസ് പാഠപുസ്തകം പൂർണ്ണമായും വ്യാജമാണെന്ന് അധികൃതർ ചൂണ്ടിക്കാണിച്ചു.
ഒൻപതാം ക്ലാസിലെ സോഷ്യൽ സയൻസ് ഭാഗം ഒന്ന് പുസ്തകമായ 'അണ്ടർസ്റ്റാൻഡിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്' എന്ന പേരിൽ പ്രചരിക്കുന്ന പുസ്തകം ഔദ്യോഗികമല്ലെന്നും കൗൺസിലുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും എൻസിഇആർടി അറിയിച്ചു. ചില സന്ദർഭങ്ങളിൽ, എൻസിഇആർടി ഔദ്യോഗികമായി പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് പുറത്തിറക്കുന്നതിന് മുൻപ് തന്നെ ഇത്തരം വ്യാജ കോപ്പികൾ വിപണിയിലെത്തുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അനധികൃത സ്രോതസ്സുകളിലൂടെ പ്രചരിക്കുന്ന ഈ പുസ്തകങ്ങളിലെ ഉള്ളടക്കം തെറ്റായതോ, അപൂർണ്ണമായതോ, മാറ്റങ്ങൾ വരുത്തിയതോ അല്ലെങ്കിൽ പൂർണ്ണമായും കെട്ടിച്ചമച്ചതോ ആകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഇവയെ ആശ്രയിക്കരുതെന്നും കൗൺസിൽ വ്യക്തമാക്കി.
പാഠപുസ്തകങ്ങൾ അനധികൃതമായി അച്ചടിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമെതിരെ 1957-ലെ പകർപ്പവകാശ നിയമപ്രകാരം കൗൺസിൽ നിയമനടപടികൾ സ്വീകരിക്കുന്നുണ്ട്. കൃത്യതയും വിശ്വാസ്യതയും ഉറപ്പാക്കാൻ ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ പുസ്തകങ്ങൾ വാങ്ങാവൂ എന്ന് എൻസിഇആർടി ഊന്നിപ്പറഞ്ഞു. എൻസിഇആർടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇ-പാഠശാല പോർട്ടലിലും പാഠപുസ്തകങ്ങളുടെ ഡിജിറ്റൽ കോപ്പികൾ തികച്ചും സൗജന്യമായി ലഭ്യമാണെന്നും അച്ചടിച്ച പുസ്തകങ്ങൾ ആവശ്യമുള്ളവർ അംഗീകൃത വിതരണക്കാരെ മാത്രം സമീപിക്കണമെന്നും കൗൺസിൽ ഉപദേശിച്ചു.






