
കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ സി.ഐയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 10 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. "ശവം പോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ കാണിച്ചുതരാമെന്ന്" പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പരാമർശമുണ്ട്.
ബ്ലേഡ് ഉപയോഗിച്ച് വനിതാ സിവിൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ശരീരത്തിൽ മുറിവേൽപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ ആരോപിക്കുന്നു.
അതേസമയം, ബ്ലേഡ് ഉപയോഗിച്ചുള്ള ആക്രമണമെന്ന ആരോപണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി എസ്.എഫ്.ഐ രംഗത്തെത്തി. ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് സംഘടന പരാതി നൽകി. പ്രവർത്തകർ ബ്ലേഡ് ഉൾപ്പെടെയുള്ള ആയുധങ്ങൾ കൈവശം വെച്ചിരുന്നുവെന്ന ആരോപണത്തിന്റെ വസ്തുത പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
സമരത്തിനിടെ പൊലീസ് നടത്തിയ നടപടികളും അന്വേഷിക്കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ഉദ്യോഗസ്ഥരുടെ ബോഡി ക്യാമറ ദൃശ്യങ്ങളും പരിശോധിക്കണമെന്നും, പൊലീസിന്റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാൽ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ പൊലീസും എസ്.എഫ്.ഐയും പരസ്പര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. മാർച്ചിനിടെ എസ്.എഫ്.ഐ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പൊലീസിന്റെ ആരോപണം. മറുവശത്ത്, പൊലീസാണ് പ്രവർത്തകരെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് എസ്.എഫ്.ഐയുടെ വാദം. ഇതിന് തെളിവെന്ന നിലയിൽ സംഭവസ്ഥലത്ത് നിന്ന് ലഭിച്ചതായി പറയുന്ന ബ്ലേഡുകളുടെ ചിത്രങ്ങളും സംഘടന പുറത്തുവിട്ടിട്ടുണ്ട്.






