
തിരുവനന്തപുരം: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ. സി.ബി.എസ്.ഇ. പരീക്ഷാ തീയതികള്‍ പരിഗണിച്ചാവും തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക. ഒരു ബൂത്തില്‍ 1000 വോട്ടര്‍മാരെ മാത്രമേ അനുവദിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച സാഹചര്യത്തില്‍ മലപ്പുറത്തെ ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഏപ്രില്‍ രണ്ടാം വാരത്തിനു മുന്‍പ് നടത്തണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. വിഷു, റംസാന് തീയതികള്‍ പരിഗണിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുവന്നു. ഇവയെല്ലാം തീയതി നിശ്ചയിക്കുന്ന ഘട്ടത്തില്‍ പരിഗണിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറ പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. സംസ്ഥാനത്തെ നിലവിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയുണ്ടെന്നും സമിതി വിലയിരുത്തി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറുമായും രാഷ്ട്രീയ കക്ഷികളുമായും പോലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തിയിരുന്നു. ഏപ്രില്‍ പകുതിയോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതു പാര്‍ട്ടികള്‍ ആവശ്യപ്പെട്ടപ്പോള്‍ തിരഞ്ഞെടുപ്പ് മെയ് മാസത്തില്‍ മതിയെന്ന് ബി.ജെ.പി. അഭിപ്രായപ്പെട്ടത്. രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള ചര്‍ച്ചയില്‍ ജോസഫ് വിഭാഗത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് ക്ഷണിച്ചില്ല.






