
തിരുവനന്തപുരം: നിരവധി അക്രമസമരങ്ങള്‍ക്കു സാക്ഷിയായ സെക്രട്ടേറിയറ്റ് ഇന്നലെ കണ്ടതു കണ്ണീരിലും ചോരയിലും കുതിര്‍ന്ന യാചനാസമരം. പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഇടപിടിച്ചിട്ടും സര്‍ക്കാര്‍ജോലി എന്ന സ്വപ്നം പൊലിയുന്നവരുടെ അവസാന ശ്രമം. സെക്രട്ടേറിയറ്റിലെ ശീതീകരിച്ച മുറിയില്‍ മന്ത്രിസഭയുടെ പ്രത്യേക യോഗം ചേരുമ്പോഴായിരുന്നു കൊടുംചൂടില്‍ ഉദ്യോഗാര്‍ഥികളുടെ സമരം. മുട്ടിലിഴഞ്ഞ പലരും കൊടുംചൂടില്‍ ഉരുകിവീഴുമ്പോള്‍ കൂടുതല്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവയ്ക്കുകയായിരുന്നു.
ലാസ്റ്റ് ഗ്രേഡ്, സി.പി.ഒ. റാങ്ക് ലിസ്റ്റില്‍പ്പെട്ടവര്‍ നിയമനത്തിനായാണു സമരം ചെയ്യുന്നത്. നിയമനം ലഭിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകര്‍ നിയമനാംഗീകാരം ആവശ്യപ്പെട്ടു സമരവുമായെത്തി. പി.എസ്.സി. റാങ്ക് പട്ടികയുടെ കാലാവധി നീട്ടുക, നിയമനം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനമെടുക്കാത്തതും അസാധാരണ സമരത്തിന് ആക്കം കൂട്ടി.
സമരത്തിന്റെ തീവ്രത കൂൂട്ടാന്‍ സംഘര്‍ഷത്തിന്റെ തെരഞ്ഞെടുക്കുന്ന യുവജന സംഘടനകളുടെ പതിവുെശെലി വിട്ട് ടാര്‍ റോഡില്‍ മുട്ടിലിഴഞ്ഞായിരുന്നു െവെകാരികമായ കണ്ണീര്‍സമരം. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റില്‍നിന്നു സമരപ്പന്തലിലേക്കു മുട്ടുകുത്തി വരുന്നതിനിടെ ചിലര്‍ കുഴഞ്ഞുവീണു പൊട്ടിക്കരഞ്ഞു.
ഫുട്പാത്തിലേക്കും ആശുപത്രിയിലേക്കും മാറ്റിക്കിടത്തുമ്പോള്‍ അതിലേറെപ്പേര്‍ സമരം തുടര്‍ന്നുകൊണ്ടിരുന്നു. ആത്മഹത്യാഭീഷണിയും ശയനസമരവും പിന്നോട്ടുനടത്തവുമൊക്കെ പിന്നിട്ട ശേഷമായിരുന്നു യാചനാ സമരം. ഇവര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് എം.എല്‍.എമാരായ കെ.എസ്. ശബരീനാഥനും ഷാഫി പറമ്പിലും സമരപ്പന്തലില്‍ നിരാഹാരം തുടരുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നലെ സമരപ്പന്തലിലെത്തി.
പി.എസ്.സി റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കുക, താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള സമരം ഇന്നലെ 21 ദിവസം പിന്നിട്ടു. ഓള് കേരള ഹയര്‍ സെക്കന്‍ഡറി റാങ്ക് ഹോള്‍ഡേഴ്സിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ജോലിക്കായി നാഷണല്‍ ഗെയിംസ് മെഡല്‍ ജേതാക്കളുടെ ധര്‍ണയും സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്നു.
സമരം നടത്തുന്ന റാങ്ക് ഹോള്‍ഡേഴ്സുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്ന് എ.ഐ.െവെ.എഫ്. ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ഭാഗം അവരെ ബോധ്യപ്പെടുത്തണം. സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും സംസ്ഥാന പ്രസിഡന്റ് ആര്. സജിലാല്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉചിതമായ നടപടി രേഖാമൂലം ഉറപ്പുനല്‍കാതെ പിന്നോട്ടില്ലെന്നും 22 മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ലാസ്റ്റ്ഗ്രേഡ് സര്‍വന്റ്സ് റാങ്ക് ഹോള്‍ഡേഴ്സ് അറിയിച്ചു.
കംപാഷനേറ്റ് എംപ്ലോയീസ് അസോസിയേഷന്, കായികാധ്യാപക റാങ്ക് ഹോള്‍ഡേഴ്സ്, ഓള് കേരള ഹയര്‍ സെക്കന്‍ഡറി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് തുടങ്ങിയവരും സമരവുമായി സെക്രട്ടേറിയറ്റിനു മുന്നിലുണ്ട്.






