ന്യൂഡല്‍ഹി: ഗ്രെറ്റ ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവങ്ങത്തില് ഇടപെട്ട് ഡല്‍ഹി വനിതാ കമ്മീഷന്. പോലീസ് തയ്യാറാക്കിയ എഫ്ഐആറിന്റെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന് പോലീസിന് നോട്ടീസ് നല്കി. ദിഷയെ കര്‍ണാടകത്തിലെ കോടതിയില്‍ ഹജരാക്കി ട്രാന്‍സിറ്റ് റിമാന്‍ഡ് ആവശ്യപ്പെടാത്തത് എന്താണെന്നതിന് കാരണം വ്യക്തമാക്കണമെന്നും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നതില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വനിതാ കമ്മീഷന് ആവശ്യപ്പെട്ടു.
കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രെറ്റ തുന്‍ബെയുടെ ട്വീറ്റാണ് ദിഷയെ അറസ്റ്റ് ചെയ്തതിന് ആധാരം. റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ പിന്തുണ അറിയിച്ച് ഗ്രെറ്റ ട്വീറ്റ് ചെയ്ത ടൂള്‍കിറ്റ് രേഖയില്‍ കര്‍ഷക സമരങ്ങളെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിയേണ്ടതും അവര്‍ ചെയ്യേണ്ടതുമായ കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്.
എന്നാല്‍ ഈ ടൂള്‍കിറ്റിന് പിന്നില്‍ ഖാലിസ്ഥാന്‍ സംഘനയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്ത്യയെയും കേന്ദ്ര സര്‍ക്കാരിനെയും അന്തരാഷ്ട്രതലത്തില്‍ ആക്ഷേപിക്കുന്നതിനുള്ള ഗൂഢാലോചനയുടെ തെളിവാണിതെന്ന് പോലീസ് പറഞ്ഞു. ഇതേതുടര്‍ന്നുള്ള അന്വേഷണത്തിന്റെ ഭാഗമായണ് ദിഷ രവിയെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളില്‍ ദിഷ ടൂള്‍കിറ്റ് പരിപാടികള്‍ പ്രചരിപ്പിച്ചു എന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.






