മുംബൈ: ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ബീഡിലെ പരിസ്ഥിതി പ്രവര്‍ത്തക ശന്തനു മുലുകിന് മുന്‍കൂര്‍ ജാമ്യം. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. മുന്‍ജാമ്യത്തിനായി കഴിഞ്ഞ ദിവസമാണ് ശന്തനു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
കേസിലെ മറ്റൊരു പ്രതിയായ മലയാളി അഭിഭാഷശക നികിത ജേക്കബിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയില് ബോംബെ ഹൈക്കോടതി ബുധനാഴ്ച വിധി പറയും. മറ്റൊരു പ്രതിയായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ദിഷ രവിയെ അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദിഷയ്ക്ക് 30 മിനിറ്റ് അഭിഭാഷകരെ കാണാനും 15 മിനിറ്റ് കുടുംബാംഗങ്ങളെ കാണുന്നതിനും ഡല്‍ഹി പട്യാല കോടതി അനുമതി നല്‍കിയിട്ടുണ്ട്.
അതേ സമയം ദിഷശ രവിയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കൂടാതെ ഡല്‍ഹി വനിതാ കമ്മീഷന് പോലീസിനോട് വിശദീകരണം തേടുകയും ചെയ്തു. പോലീസ് തയ്യാറാക്കിയ എഫ്ഐആറിന്റെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന് പോലീസിന് നോട്ടീസ് നല്കി. ദിഷയെ കര്‍ണാടകത്തിലെ കോടതിയില്‍ ഹജരാക്കി ട്രാന്‍സിറ്റ് റിമാന്‍ഡ് ആവശ്യപ്പെടാത്തത് എന്താണെന്നതിന് കാരണം വ്യക്തമാക്കണമെന്നും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നതില്‍ വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വനിതാ കമ്മീഷന് ആവശ്യപ്പെട്ടു.






