
ന്യുഡല്‍ഹി: കര്‍ഷക സമരവുമായി ബന്ധപ്പെട്ട 'ടൂള്‍കിറ്റ് ' കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി നല്കിയ ഹര്‍ജിയില്‍ വാര്‍ത്താ ചാനലുകള്‍ക്ക് ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. പോലീസിന്റെ അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ ചോരുന്നുവെന്ന് കാണിച്ചാണ് ദിഷ രവി കോടതിയെ സമീപിച്ചത്. സ്വകാര്യ ചാറ്റുകള്‍ അടക്കമുള്ളവ മാധ്യമങ്ങള്‍ക്് ലഭിച്ചുവെന്നാണ് ദിഷ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. വാട്സ്ആപ്പ് ചാറ്റുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് സ്വകാര്യ ടെലിവിഷന്‍ ചാനലുകളെ വിലക്കണമെന്നും ദിഷ ആവശ്യപ്പെട്ടിരുന്നു.
താന്‍ മൂന്നാമതൊരു കക്ഷിയുമാി നടത്തിയ ചാറ്റുകള്‍ പ്രസീദ്ധീകരിച്ച മാധ്യമങ്ങള്‍ കേബിള്‍ ടിവി നെറ്റ്വര്‍ക്ക് റൂള്‍സ് ലംഘിച്ചുവെന്നും ചാനലുകള്‍ക്കെതിരെ നടപടി വേണമെന്നും ദിഷ രവി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നീതിപൂര്‍വ്വമായ വിചാരണയും സ്വകാര്യതയ്ക്കുള്ള അവകാശവുമാണ് മാധ്യമങ്ങള്‍ ലംഘിച്ചിരിക്കുന്നതെന്നും ദിഷ ആരോപിച്ചു.
മാധ്യമങ്ങള്‍ക്ക് ഇവ ചോര്‍ത്തി നല്കിയ ഡല്‍ഹി പോലീസിന്റെ നടപടി ഭരണഘടനയുടെ അനുഛേദം 21ന്റെ ലംഘനമാണെന്നും ദിഷ ചൂണ്ടിക്കാട്ടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
എന്നാല്‍ ദിഷയുടെ ആരോപണങ്ങള്‍ ഡല്‍ഹി പോലീസിനും കേന്ദ്ര വാര്‍ത്താ വിനതരണ മന്ത്രാലയത്തിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത നിഷേധിച്ചു. മാധ്യമ ശ്രദ്ധ നേടുന്നതിനു മാത്രമുള്ള ഹര്‍ജിയാണെന്നും പോലീസിന്റെ ഭാഗത്തുനിന്നും ഒരു വിവരചോര്‍ച്ചയും ഉണ്ടായിട്ടില്ലെന്ന് ഉറപ്പുനല്‍കുന്ന സത്യവാങ്മൂലം നല്‍കാമെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് ബംഗലൂരുവിലെ വീട്ടില്‍ നിന്നും ദിഷയെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്.






