
കൊച്ചി: വിവാദധാരണാപത്രം റദ്ദാക്കിയതോടെ ഇല്ലാതായതു സംസ്ഥാന മത്സ്യബന്ധനമേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാര്‍. യു.എസ്. ബഹുരാഷ്ട്രക്കുത്തകയായ ഇ.എം.സി.സിയും കേരള സ്റ്റേറ്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനു(കെ.എസ്.ഐ.എന്‍.സി)മായി ഒപ്പിട്ട 2950 കോടി രൂപയുടെ ധാരണാപത്രം കേവലം 18 ദിവസം കൊണ്ടാണു റദ്ദാക്കിയത്. കഴിഞ്ഞ നാലിനാണു ധാരണാപത്രം ഒപ്പിട്ടത്.
സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ ഇത്തരമൊരു വമ്പന്‍ ഇടപാടില്‍ ഏര്‍പ്പെടുമോയെന്ന സംശയവും ബാക്കി. കെ.എസ്.ഐ.എന്‍.സി. മുഖ്യമന്ത്രിക്കു കീഴിലാണ്. അതുകൊണ്ടുതന്നെ പദ്ധതിയെക്കുറിച്ചു മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന വാദത്തെ പ്രതിപക്ഷം ചോദ്യംചെയ്യുന്നു. കെ.എസ്.ഐ.എന്‍.സി. മാനേജിങ. ഡയറക്ടര്‍ എന്‍. പ്രശാന്തും ഇ.എം.സി.സി. (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷിജു എം. വര്‍ഗീസുമാണു ധാരണാപത്രം ഒപ്പുവച്ചത്.
ധാരണാപത്രപ്രകാരം 400 ട്രോളറുകളും രണ്ടു മദര്‍ ഷിപ്പുകളുമാണു കെ.എസ്.ഐ.എന്‍.സി. നിര്‍മിക്കേണ്ടിയിരുന്നത്. രണ്ടുകോടി രൂപയാണ് ഒരു ട്രോളറിന്റെ നിര്‍മാണച്ചെലവ്. ഇവയ്ക്കായി ഹാര്‍ബറുകള്‍ നവീകരിക്കാനും കോടികള്‍ ചെലവിടും. ശേഖരിക്കുന്ന മത്സ്യം വിറ്റഴിക്കാന്‍ കേരളത്തില്‍ 200 വില്പ്പനകേന്ദ്രങ്ങള്. കാല്‍ലക്ഷം തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്തിരുന്നു.






