
കോവിഡ് വാക്സിന് എത്തിയെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തന്നെ വേണം ജീവിത രീതി മുന്നോട്ട് കൊണ്ട് പോകാനെന്നാണ് ആരോഗ്യ വിദഗ്ധര്‍ തരുന്ന മുന്നറിയിപ്പ്. മാസ്ക് ധാരണവും സാമൂഹിക അകലം ഉറപ്പാക്കലും സാനിറ്റൈസര്‍ ഉപയോഗവുമൊക്കെ കൃത്യമായി പാലിച്ചിരിയ്ക്കണം.
ആരോഗ്യവിദഗ്ധരുടെ പുതിയ കണ്ടെത്തലാണ് ശ്രദ്ധേയമാകുന്നത്. ആസ്മയ്ക്കും ക്രോണിക്ക് ഒബ്സ്ട്രക്ടീവ് പള്‍മിനറി ഡിസീസിനും പരമ്പരാഗതമായി ഉപയോഗിക്കുന്ന ഇന്‍ഹേലര്‍ കോവിഡ് തീവ്രത കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.
കോവിഡ് വ്യാപകമായ ആദ്യ സമയത്ത് വളരെ കുറച്ച് ആസ്മ രോഗികളെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നുള്ളൂ. ഇതേക്കുറിച്ച് കൂടുതല്‍ പഠനം നടത്തിയപ്പോഴാണ് ഇൗ നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നത്. കോര്‍ട്ടികോസ്റ്റിറോയ്ഡ് ഇന്‍ഹേലറുകളാണ് ഈ രോഗികളില്‍ ഗൗരവമായ ശ്വാസകോശ പ്രശ്നങ്ങള്‍ ഉണ്ടാകാതെ കാത്തതെന്ന നിഗമനത്തിലാണ് ഗവേഷകര്‍.
ഇന്‍ഹേലറില്‍ ഉപയോഗിക്കുന്ന ബ്യൂഡസൊണൈഡ് മരുന്നിന് കോവിഡ് രോഗബാധയുടെ തീവ്രത 90 ശതമാനം വരെ കുറയ്ക്കാന്‍ സാധിക്കുമെന്ന് എന്‍ഐഎച്ച്ആര്‍ ഓക്സ്ഫഡ് ബയോമെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ഈ പഠനത്തിനായി 146 കോവിഡ് രോഗികളെയാണ് നിരീക്ഷണ വിധേയമാക്കിയത്. പകുതി പേര്‍ക്ക് ബ്യൂഡസൊണൈഡ് ഇന്‍ഹേലറിന്റെ 800 മൈക്രോ ഗ്രാം ദിവസം രണ്ട് നേരം നല്കി. ബാക്കി പകുതിക്ക് പ്ലാസെബോ നല്കി. ഇന്‍ഹേലര്‍ നല്‍കിയവര്‍ക്ക് അടിയന്തിര സഹായത്തിന്റെ ആവശ്യം 90 ശതമാനം കുറവായിരുന്നതായി പഠനത്തില്‍ കണ്ടെത്തി. ഇവരില്‍ ദീര്‍ഘകാല ലക്ഷണങ്ങള്‍ പ്രകടമായില്ല.
എന്നാല്‍ ഈ പഠനം ഇനിയും പിയര്‍ റിവ്യൂ ചെയ്യപ്പെട്ടിട്ടില്ല. ബ്യൂഡസൊണൈഡിന് പുറമേ കോള്‍ചികൈന്‍, ആസ്പിരിന്‍, എക്സ്ലിയര്‍ നേസല്‍ സ്പ്രേ തുടങ്ങിയ മരുന്നുകളും കോവിഡ് രോഗലക്ഷണ തീവ്രത കുറയ്ക്കുമെന്ന് വിവിധ രാജ്യങ്ങളിലായി നടത്തിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.






