
തിരുവനന്തപുരം: കപ്പലും 400 ട്രോളറുകളും നിര്‍മിക്കാന്‍ കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനുമായി (കെ.എസ്.ഐ.എന്‍.സി) ധാരണയിലെത്തിയത് കൃത്യമായ വിലാസംപോലുമില്ലാത്ത കമ്പനി! ആഴക്കടല്‍ വിഷയമായതിനാല്‍ ദേശീയസുരക്ഷ മുന്‍നിര്‍ത്തി അന്വേഷണത്തിനു കേന്ദ്ര ഏജന്‍സികളും സംസ്ഥാനത്ത്.
ഇ.എം.സി.സി. വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്നു ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അന്വേഷിച്ച് അറിയിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടെന്ന ഗുരുതര ആരോപണവുമായി വിദേശകാര്യസഹമന്ത്രി വി. മുരളീധരന് ഇന്നലെ രംഗത്തെത്തിയിരുന്നു. ഇ.എം.സി.സി. ഇന്റര്‍നാഷണല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഇ.എം.സി.സി. ഇന്‍ഫ്രാടെക് കണ്‍സോര്‍ഷ്യം ഇന്ത്യ, ഇ.എം.സി.സി. ടെക്നോ കണ്‍സള്‍ട്ടന്‍സി ആന്‍ഡ് കോണ്‍ട്രാക്റ്റിങ് എന്നിങ്ങനെ വിവിധ കമ്പനികളാണു നിലവിലുള്ളത്.
സ്ഥാപനത്തിനു വിശ്വാസ്യതയില്ലെന്ന കോണ്‍സുലേറ്റിന്റെ റിപ്പോര്‍ട്ട് കേന്ദ്രം സംസ്ഥാനസര്‍ക്കാരിനു കൈമാറിയിരുന്നുവെന്നു മുരളീധരന് പറഞ്ഞു. എന്നാല്‍, നാലുമാസം കഴിഞ്ഞപ്പോള്‍ ധാരണാപത്രം ഒപ്പിട്ടു. കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളാരാഞ്ഞ് ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍ നല്കിയ കത്തിന് 2019 ഒക്ടോബര്‍ 21-നാണ് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മറുപടി അയച്ചത്. ഇ.എം.സി.സിയുടേതു വാടകക്കെട്ടിടത്തിന്റെ വെര്‍ച്വല്‍ വിലാസം മാത്രമാണെന്നുമായിരുന്നു മറുപടി.
ഇ.എം.സി.സിയെ ഒരു സ്ഥാപനമെന്നുപോലും വിശേഷിപ്പിക്കാനാവില്ലെന്നു കോണ്‍സുലേറ്റ് അറിയിച്ചശേഷം 2020 ഫെബ്രുവരി 28-നാണ് കൊച്ചിയിലെ നിക്ഷേപകസംഗമത്തില്‍ (അസെന്‍ഡ്) അവരുമായി സംസ്ഥാനസര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. വിലാസമില്ലാത്ത, രജിസ്ട്രേഷന് മാത്രമുള്ള കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നു ഇതെന്നു മുരളീധരന് ആരോപിച്ചു. ആഴക്കടലുമായി ബന്ധപ്പെട്ട വിവാദമായതിനാല്‍ ദേശീയസുരക്ഷാപ്രശ്നവും നിലനില്ക്കുന്നു.
വിഷയം പരിശോധിച്ച് കേന്ദ്രസര്‍ക്കാരിനു റിപ്പോര്‍ട്ട് നല്കാന് കേന്ദ്ര അന്വേഷണ ഏജന്‍സികളും സംസ്ഥാനത്തെത്തി. ലക്ഷങ്ങളുടെ ആസ്തി മാത്രമുള്ള കമ്പനിയുമായി ഒരു കപ്പലും 400 ട്രോളറുകളും നിര്‍മിക്കാന്‍ എങ്ങനെ ധാരണാപത്രം ഒപ്പിടുമെന്ന ചോദ്യമാണു പ്രതിപക്ഷം ഉയര്‍ത്തുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വ്യവസായവകുപ്പുമായി ബന്ധപ്പെട്ട് തുടങ്ങാനിരിക്കുന്ന പദ്ധതികളെല്ലാം പുനഃപരിശോധിക്കാന്‍ ഫിഷറീസ് വകുപ്പും തീരുമാനിച്ചു.
വിവാദം ഫിഷറീസ് വകുപ്പിലേക്കു തിരിച്ചുവിടാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഫിഷറീസ്-വ്യവസായവകുപ്പുകള്ക്കിടയില് ഭിന്നത മറനീക്കി. ഈ ശീതസമരത്തിനിടെയാണു വ്യവസായവകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളെല്ലാം പുനഃപരിശോധിക്കാന്‍ ഫിഷറീസ് വകുപ്പ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച നിര്‍ദേശം വകുപ്പുമേധാവിക്കു നല്‍കിയതായാണു സൂചന.






