
ന്യൂഡല്‍ഹി: വി. നാരാണയണ സ്വാമിയുടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതോടെ പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക്. ഒരു കക്ഷിക്കും ഭൂരിപക്ഷം തെളിയിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിസഭാ യോഗം ശുപാര്‍ശ നല്കി. രാഷ്ട്രപതി ഭവനില്‍ നിന്നും വിഞ്ജാപനം വരുന്നതോടെ പുതുച്ചേരി രാഷ്ട്രപതി ഭരണത്തിനു കീഴിലാവും.
ഒരു മാസത്തിനിടെ ഭരണപക്ഷത്തുനിന്ന് ആറു പേരാണ് രാജിവെച്ചത്. ഇതോടെ കക്ഷിനില 12-14 എന്നതിലേക്കെത്തി. കോണ്‍ഗ്രസ് ഡി.എം.കെ. സഖ്യത്തില്‍ ഭരണം നടത്തിയിരുന്ന വി. നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഇത് വലിയ തിരിച്ചടിയായി. ഇത് അവിശ്വാസ പ്രമേയത്തിലും പ്രതിഫലിച്ചു. കോണ്‍ഗ്രസിന്റെ പതനവും നാരായണ സ്വാമിയുടെ രാജിയും ബി.ജെ.പി.യുടെ രാഷ്ട്രീയ ആധിപത്യത്തെ വെളിവാക്കുന്നതാണ്. ഇതോടെ പുതുച്ചേരിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കുമെന്നാണ് വിലയിരുത്തല്‍.






