ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് ഉപരോധിക്കുമെന്ന് സൂചന നല്കി ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടിക്കായത്. 'ഏത് ദിവസവും പാര്‍ലമെന്റ് ഉപരോധിക്കാന്‍ കര്‍ഷകര്‍ തയറാണ്. ഇത്തവണ നാല് ലക്ഷമല്ല നാല്പത് ലക്ഷം ട്രാക്ടരുകള് ഡല്‍ഹിയിലേക്ക് എത്തിക്കാന്‍ കഴിയും' ടിക്കയാത് പറഞ്ഞു.
രാജസ്ഥാനിലെ സിക്കാറില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഡല്‍ഹിയിലെ ഇന്ത്യ ഗേറ്റിനടുത്തുള്ള പാര്‍ക്കുകളില്‍ കര്‍ഷകര്‍ കൃഷിയിറക്കുമെന്നും ടിക്കത് മുന്നറിയിപ്പ് നല്കി. 'പാര്‍ലമെന്റ് ഉപരോധത്തിനുള്ള തിയതി സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിക്കും. ജനുവരി 26ന് കര്‍ഷകരുടെ ട്രാക്ടര്‍ പരേഡിനിടെ നടന്ന സംഘര്‍ഷം ആസൂത്രിതമാണ്. കര്‍ഷകര്‍ സ്നേഹിക്കുന്നത് രാജ്യത്തെയാണ് നേതാക്കളെയല്ല' ടിക്കായത് പറഞ്ഞു. കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് ഉപരോധിക്കുമെന്ന് മുമ്പ് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷം സമരത്തെ ബാധിച്ചതോടെ ആ തീരുമാനം മാറ്റുകയായിരുന്നു.






