
കോഴിക്കോട്: ദേശീയപാത 66 (പഴയ എന്‍.എച്ച് 17) ല്‍ തലപ്പാടി മുതല്‍ ചെങ്കള വരെയുള്ള 39 കിലോമീറ്റര്‍ റോഡ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള കരാര്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക്. ഭാരത് മാല പദ്ധതിയില്‍പ്പെടുന്ന ഈ റോഡ് 15 വര്‍ഷത്തെ പരിപാലനം കൂടി ഉള്‍പ്പെടുന്ന ഹൈബ്രിഡ് ആനുവിറ്റി മാതൃകയിലാണു വികസിപ്പിക്കുന്നത്.
രാജ്യാന്തര ടെന്‍ഡറില്‍ പങ്കെടുത്ത് അഹമ്മദാബാദ് ആസ്ഥാനമായ അദാനി ഗ്രൂപ്പ്, ഹൈദരാബദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മേഘ, കെ.എന്‍.ആര്. ഗ്രൂപ്പുകള്‍ എന്നിവയുമായി മത്സരിച്ചാണ് ഊരാളുങ്കല്‍ സൊസൈറ്റി കരാര്‍ കരസ്ഥമാക്കിയത്.
സംസ്ഥാനാതിര്‍ത്തിയില്‍നിന്നുള്ള ഈ ആദ്യ റീച്ചിന്റെ കരാര്‍ 1704.125 കോടി രൂപയ്ക്കാണു സൊസൈറ്റിക്കു ലഭിച്ചത്. രണ്ടു വര്‍ഷമാണു നിര്‍മ്മാണ കാലാവധി.






