
തിരുവനന്തപുരം: പി.എസ്.സി. ഉദ്യോഗാര്‍ത്ഥികളുടെ സമരം അനിശ്ചിതമായി തുടരുമ്പോള്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് നീട്ടി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാല്‍ സി.പി.ഒ. ലിസ്റ്റിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല. 7,580 പേരുള്ള സിവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റില്‍ നിന്നും 5,609 ഉദ്യോഗാര്‍ത്ഥികള്‍ക്ക്് പി.എസ്.സി. അഡൈ്വസ് നല്‍കിയിരുന്നു. എന്നാല്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ ഇനി നിയമനം ഉണ്ടായിരിക്കില്ലെന്ന് ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചിരുന്നതായും ഉത്തരവില്‍ പറയുന്നു. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി ആഭ്യന്തര സെക്രട്ടറിയും എ.ഡി.ജി.പി.യും നടത്തിയ യോഗത്തിലെ തീരുമാനങ്ങളാണ് ഉത്തരവായി പുറത്തിറങ്ങിയത്.
ഉത്തരവ് പ്രകാരം ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിന്റെ കാലാവധി 2021 ഓഗസ്റ്റ് 4 വരെ നീട്ടിയിട്ടുണ്ട്. ഇതുവരെ ഏകദേശം 6000 പേര്‍ക്ക് റാങ്ക് ലിസ്റ്റില്‍നിന്ന് നിയമനം നല്കി. പരമാവധി ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ വകുപ്പുകള്‍ക്കു നിര്‍ദേശം നല്കി. പരമാവധി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ 1,200 തസ്തികഖള് പി.എസ്.സിക്കു റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.
ഉദ്യോഗാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ വസ്തുതാപരമല്ലെന്നും 2021 ഡിസംബര്‍ 31 വരെയുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലാണ് ഏറ്റവും കൂടുതല്‍ തസ്തികകള്‍ സഷ്ടിച്ചതും നിയമനം നടത്തിയതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.






