
ലണ്ടന്‍: നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നതിനുള്ള രാജ്യത്തിന്റെ അപേക്ഷ അംഗീകരിച്ച് ലണ്ടന്‍ കോടതി. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. ഇന്ത്യ നല്കിയ ജയില്‍ ദൃശ്യങ്ങള്‍ തൃപ്തികരമെന്നും അതിനാല്‍ നീരവിനെ കൈമാറാന്‍ തയ്യാറാണെന്നും ലണ്ടന്‍ കോടതി ഉത്തരവില്‍ പറഞ്ഞു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ കത്തുകളുപയോഗിച്ച് സ്വന്തം കമ്പനിയിലേക്ക് പണം തട്ടിയെന്ന കേസാണ് നീരവിന്െര പേരിലുള്ളത്. നീരവ് ബന്ധുവായ മെഹുല്‍ ചോക്സിയും ചേര്‍ന്ന് 1,400 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നും സി.ബി.ഐ. യു.കെ. കോടതിയില്‍ നല്കിയ അപേക്ഷയില്‍ പറയുന്നു.
തട്ടിപ്പ് നടത്തിയെന്നതിന് സര്‍ക്കാരിന്റെ കയ്യില്‍ കൃത്യമായ തെളിവുകളില്ലെന്നു വാദിച്ച നീരവ് തന്റെ വാദം സമര്‍ത്ഥിക്കാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജു ഉള്‍പ്പടെയുള്ള വിദഗ്ധരെ കോടതിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന നീരവിന്റെ വാദം കോടതി തള്ളി. നീരവിനെ ഇന്ത്യക്കു കൈമാറുന്നതില്‍ തങ്ങള്‍ വാക്കു പാലിച്ചു എന്നാണ് ബി.ജെ.പി. പ്രതികരിച്ചത്.






