
തിരുവനന്തപുരം: വിദേശകമ്പനിയുമായി ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേരളസര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇത് മത്സ്യ തൊഴിലാളികളുടെ ഉപജീവനത്തെ തകര്‍ക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റെന്ന് മുഖ്യമന്ത്രി. ആഴക്കടല്‍ മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ ഈ സര്‍ക്കാര്‍ അവര്‍ക്കൊപ്പമാണെന്നും അവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ സാധ്യമായത് എല്ലാം ഈ സര്‍ക്കാര്‍ ചെയ്യുമെന്നും ധാരണാപത്രം റദ്ദാക്കിയത് തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് നേരത്തേ ഉന്നയിച്ച ആരോപണങ്ങളില്‍ ഇന്ന് ചില തിരുത്തലുകള്‍ വരുത്തി മാറിമാറി ഉന്നയിച്ച ആരോപങ്ങള്‍ അടിസ്ഥാന രഹിതമാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തെ വിദേശത്തേത് ഉള്‍പ്പെടെ ഒരു കോര്‍പ്പറേറ്റുകളെയും അനുവദിക്കില്ലെന്നതാണ് സര്‍ക്കാരിന്റെ നയം. എംഡി ഒപ്പിട്ട ധാരണാപത്രം ആഴക്കടല്‍ മത്സ്യബന്ധനത്തിന് പ്രോത്സാഹനം നല്‍കുന്നതല്ല.
നിക്ഷേപ സംഗമമായ അസെൻഡിൽ 147 താൽപര്യപത്രവും 34 ധാരണാപത്രവും സംരംഭകരുമായി സർക്കാർ ഒപ്പുവച്ചു. സർക്കാര്‍ നയങ്ങൾക്കും ചട്ടങ്ങൾക്കും അനുസരിച്ചുള്ള പ്രോത്സാഹനം നൽകുമെന്നാണ് ധാരണാപത്രത്തിൽ പറഞ്ഞിട്ടുണ്ട്. കെഎസ്ഐഡിസി എംഡി ഒപ്പിട്ട കരാർ ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകുന്ന ഒന്നല്ല. സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായ ഒരു കാര്യത്തിന് ഈ പിന്തുണ കിട്ടില്ല.
ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നയാള്‍ ആരോപണം ഉന്നയിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ തെറ്റിദ്ധതരിക്കപ്പെടാന് ഇടയുണ്ട്. അതുകൊണ്ട് ജാഗ്രതയുടെ ഭാഗമായി സര്‍ക്കാര്‍ ധാരണാപത്രം റദ്ദാക്കാന്‍ വ്യവസായമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആഴക്കടല്‍ മത്സ്യബന്ധനത്തെ കേരളസര്‍ക്കാര്‍ പിന്തുണ നല്കുന്നു എന്ന ആരോപണം തെറ്റിദ്ധാരണാജനകമാണ്. സര്‍ക്കാര്‍ ചെയ്ത എന്തെങ്കിലും തെറ്റായ കാരണത്താലല്ല കരാര്‍ റദ്ദാക്കുന്നത്. തെറ്റിദ്ധാരണ ഉണ്ടാകരുത് എന്നത് നിര്ബ്ബന്ധമുള്ളതിനാലാണ്. എല്‍ഡിഎഫിന് കിട്ടുന്ന സ്വീകര്യത പ്രതിപക്ഷത്ത് ഉണ്ടാക്കിയ അസ്വസ്ഥത പല രീതിയില്‍ പുറത്തു വരുന്നതാണ് ഇത് കാണിക്കുന്നത്.






