
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സരമം നയിക്കുന്ന ഭാരതീയ കിസാന്‍ നേതാവ് രാകേഷ് ടിക്കായത്തിനെ വിമര്‍ശിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. സ്വന്തം നിലക്ക് സമരം നയിക്കരുതെന്നും സമരക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ കയ്യിലെ ചട്ടുകമാകരുതെന്നും സംഘടന മുന്നറിയിപ്പുനല്‍കി.
കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് ഉപരോധിക്കുമെന്ന് കഴിഞ്ഞ ദിവസം രാകേഷ് ടിക്കായത് പറഞ്ഞിരുന്നു. 'ഏത് ദിവസവും പാര്‍ലമെന്റ് ഉപരോധിക്കാന്‍ കര്‍ഷകര്‍ തയ്യാറാണ്, ഇത്തവണ നാല് ലക്ഷമല്ല നാല്പത് ലക്ഷം ട്രാക്ടരുകള് ഡല്‍ഹിയിലേക്ക് എത്തിക്കാന്‍ കഴിയും' എന്നായിരുന്നു ടിക്കയാത് പറഞ്ഞത്. ഇതാണ് വിവാദമായത്. രാകേഷ് ടിക്കായത്തിന്റെ പ്രസ്ഥാവനക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തുവന്നു. ടിക്കായത്തിന്റെ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും സ്വന്തം നിലയ്ക്ക് സമരപരിപാടികള്‍ പ്രഖ്യാപിക്കുന്നത് ഒഴിവാക്കണമെന്നും ക്സാന് മോര്‍ച്ച മുന്നറിയിപ്പു നല്കി. കൂട്ടായ നേതൃത്വമാണ് 3 മാസം പൂര്‍ത്തിയായ സമരത്തിന്റെ ശക്തി. സമരക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടെന്ന് പ്രചരിപ്പിക്കുന്നവരുടെ ചട്ടുകമാവരുത്. കിസാന്‍ മോര്‍ച്ചയുടെ സമര പരിപാടികളോട് സഹകരിക്കണമെന്നും രാകേഷ് ടിക്കായത്തിനോട് സംഘടന ആവശ്യപ്പെട്ടു.
കര്‍ഷകരുമായി വീണ്ടും ചര്‍ച്ചക്കു തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചതോടെ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്നു തീരുമാനിക്കാന്‍ നാളെ കര്‍ഷക സംഘടനകള്‍ സിംഘുവില്‍ യോഗം ചേരും. സമരാതിര്ത്തിയില് ഇന്ന് യുവ-കിസാന്‍ ദിവസമായി ആചരിക്കുകയാണ്. അനുകൂല നിലപാട് അടുത്ത ചര്‍ച്ചയിലും ഉണ്ടായില്ലെങ്കില്‍ മൂന്നാംഘട്ട സമരം എങ്ങനെ വേണമെന്നും നാളത്തെ ചര്‍ച്ചയില്‍ തീരുമാനിക്കും.






