
കൊച്ചി : പാലാരിവട്ടം മേൽപാലത്തിൽ ഭാര പരിശോധന ആരംഭിച്ചു. 220 ടൺ ഭാരം 24 മണിക്കൂർ കൊണ്ടു പാലത്തിൽ ലോഡ് ചെയ്യും. ഭാരം നിറച്ച ലോറികൾ കയറ്റിനിർത്തിയാണു പരിശോധന.
പാലത്തിന്റെ ഡിസൈനിൽ സൂചിപ്പിച്ച പരമാവധി ഭാരം വഹിക്കാനുള്ള കഴിവുണ്ടോ എന്നാണു പരിശോധിക്കുന്നത്. പാലത്തിലെ 35 മീറ്റർ നീളമുള്ള സ്പാനിലും 22 മീറ്റർ നീളമുള്ള സ്പാനിലുമാണു ഭാര പരിശോധന നടത്തുന്നത്.
മാർച്ച് 4നു പരിശോധന പൂർത്തിയാകുമെന്നു ഡിഎംആർസി അധികൃതർ പറഞ്ഞു. ഡിസൈനിലുള്ളയത്ര ഭാരം വഹിക്കാൻ പാലത്തിനു ശേഷിയുണ്ട് എന്നു തെളിഞ്ഞാൽ പരിശോധനാ ഫലം പോസിറ്റീവാകും.
മാർച്ച് 5നു പാലം കൈമാറുമെന്നു കാണിച്ചു ഡിഎംആർസി പാലത്തിന്റെ ഉടമസ്ഥതയുള്ള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷനു (ആർബിഡിസികെ) കത്തു നൽകി.






