
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കേണ്ടതില്ലെന്ന സമസ്തയുടെ നിലപാടിനുമുന്നില്‍ വഴങ്ങി മുസ്ലീം ലീഗ്. തിരഞ്ഞെടുപ്പിനു മുന്നോടിയായി വനിതാ ലീഗ് നേതൃത്വം സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി പട്ടികയും ഇതോടെ അപ്രസക്തമായി. മുസ്ലീം ലീഗിന്റെ പ്രധാന വോട്ടുബാങ്കായ സമസ്തയുടെ എതിര്‍പ്പ് മറികടന്നാല്‍ ഇത്തവണ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന കണക്കുകൂട്ടലാണ് ലീഗിനെ പിന്നോട്ടുവലിക്കുന്നത്. സമസ്തയെ പിണക്കാതെ വനിതാ സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് ലീഗ്.
തിരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്കു പ്രാതിനിധ്യം നല്‍കാനുള്ള ലീഗ് നിലപാടിനെ പരസ്യമായി വിമര്‍ശിച്ച് ആദ്യം രംഗത്തുവന്നത് സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂരാണ്. മാറ്റിനിര്‍ത്താനാകാത്ത സാഹചര്യങ്ങളില്‍ സംവരണ സീറ്റുകള്‍ മാത്രം സ്ത്രീകള്‍ക്കു നല്കിയാല് മതിയെന്നായിരുന്നു സമസ്തയുടെ നിലപാട്. മറിച്ചാണ് ലീഗിന്റെ തീരുമാനമെങ്കില്‍ ഫലം എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടിവരുമെന്നും സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
വളരെ കാലങ്ങലായി മുസ്ലീം ലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥികള്‍ മുന്നോട്ടുവന്നിട്ടില്ല. 1996-ല്‍ ഖമറുന്നീസ് അന്‍വറിനു ശേഷം ആരുംതന്നെ ലീഗിനെ പ്രതിനിധീകരിച്ച് ഇലക്ഷന് നിന്നിട്ടില്ല. ഇത്തവണ സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, സംസ്ഥാന സെക്രട്ടറി പി. കുല്‍സു എന്നിവരുടെ പേരുകളാണ് വനിതാ ലീഗ് നേതൃത്വം മുന്നോട്ടുവെച്ചത്. എന്നാല്‍ സമസ്ത നിലപാട് കടുപ്പിച്ചതോടെ വനിതദാ സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കുകയാണ് മുസ്ലീം ലീഗ്.






