
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പു ദിവസങ്ങള്‍ അടുക്കുന്നതോടെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നില സങ്കീര്‍ണമാവുകയാണ്. ഭരണം പിടിച്ചെടുക്കാന്‍ കേന്ദ്ര നേതൃത്വം ഒന്നടങ്കം പരിശ്രമിക്കിന്നതിനിടയിലാണ് മമതയില്‍ നിന്നും നേതാക്കള്‍ അകന്ന് ബി.ജെ.പി.യില്‍ ചേരുന്നത്. ബംഗാള്‍ അസന്സോണ് എം.എല്‍.എ. ജിതേന്ദ്ര തിവാരിയാണ് ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്കെത്തിയത്. പാര്‍ട്ടിയില്‍ നിന്നു രാജിവയ്ക്കുകയും അധികം വൈകാതെ തിരിച്ചെത്തുകയും ചെയ്ത ജിതേന്ദ്ര തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബി.ജെ.പി.യില്‍ ചേര്‍ന്നിരിക്കുകയാണ്.
ഡിസംബറില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച ജിതേന്ദ്ര വളരെ പെട്ടെന്നുതന്നെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ ബി.ജെ.പി. ബംഗാള്‍ അദ്ധ്യക്ഷന്‍ ദിലിപ് ഘോഷാണ് അദ്ദേഹത്തെ ബി.ജെ.പിയിലേക്കെത്തിച്ചത്. 'ജിതേന്ദ്ര തിവാരി പാര്‍ട്ടി മാറി ബി.ജെ.പി.യിലേക്കെത്തി. ബംഗാളിലെ പരിവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. രാജീവ് ബാനര്‍ജിയും പ്രൊബില് ഘോഷലും ഇപ്പോള്‍ ഞങ്ങളോടൊപ്പമുണ്ട്'-ദിലിപ് ഘോഷ് പറഞ്ഞു.
ഇത്തവണ എട്ടു ഘട്ടമായാണ് പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇലക്ഷന് കമ്മീഷന്റെ ഈ തീരുമാനത്തെ എതിര്‍ത്ത് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെ.പി. ബംഗാളില്‍ നടത്തുന്നതെന്നായിരുന്നു മമതയുടെ ആക്ഷേപം. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി.യിലേക്കുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ടി.എം.സി.






