
കൊച്ചി: ഡോളര്‍ കടത്തു കേസില്‍ മുഖ്യമന്ത്രിയ്ക്കും സ്പീക്കറിനും മൂന്ന് മന്ത്രിമാര്‍ക്കുമെതിരേ കസ്റ്റംസ് ഹൈക്കോടതിയില്‍ നല്കിയ സ്വപ്നാ സുരേഷിന്റെ മൊഴി സിപിഎമ്മിന് ഉണ്ടാക്കി വെച്ചിരിക്കുന്ന തലവേദന ചില്ലറയല്ല.
ഭരണതുടര്‍ച്ച പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്നു വന്ന വിവാദത്തെ പ്രതിരോധിക്കാന്‍ സിപിഎം ആയുധങ്ങള്‍ ആലോചിക്കുമ്പോഴാണ് അടുത്ത ബോംബ് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ പേരില്‍ പാര്‍ട്ടിയേയും കേരളസര്‍ക്കാരിനെയും പിടച്ചു കുലുക്കുന്നത്.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന ആരോപണത്തില്‍ കൊച്ചിയിലെ കസ്റ്റംസിന്റെ ഓഫീസിലേക്ക് സിപിഎം മാര്‍ച്ച് നടത്താനൊരുങ്ങുമ്പോള്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ലൈഫ് മിഷന് വിവാദത്തില്‍ വിനോദിനിയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കസ്റ്റംസിന്റെ നോട്ടീസ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പന് സ്വപ്ന വഴി നല്കിയ ഐഫോണുകളുമായി ബന്ധപ്പെട്ട വിവാദമാണ് കോടിയേരിയുടെ ഭാര്യയിലേക്ക് വരെ എത്തി നില്‍ക്കുന്നത്.
കൂട്ടത്തില്‍ ഏറ്റവും വില കൂടിയ ഐ ഫോണ്‍ വിനോദിനിയുടെ കയ്യില്‍?
സന്തോഷ് ഈപ്പന് സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത ഐഫോണുകളില്‍ ഏറ്റവും വിലകൂടിയ ഐ ഫോണ്‍ ഉപയോഗിച്ചത് വിനോദിനി ആണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. 1.13 ലക്ഷം രൂപ വില വരുന്ന ഫോണില്‍ വിനോദിനിയുടെ പേരില്‍ എടുത്ത സിമ്മാണ് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസിന് വ്യക്തമായിട്ടുണ്ടെന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസ് വന്നതോടെ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് കസ്റ്റംസ് സിംകാര്‍ഡും അതുപയോഗിച്ച ആളേയും കണ്ടെത്തുകയായിരുന്നു എന്നാണ് സൂചന.
ഈ ഫോണ്‍ എങ്ങനെ വിനോദിനിക്ക് കിട്ടി എന്നതിലാണ് കസ്റ്റംസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. കൈമാറിയ ഏറ്റവും വിലയേറിയ ഐഫോണ്‍ ഉപയോഗിച്ചിരുന്നത് മുന്‍ ഐടി വകുപ്പ് സെക്രട്ടറി ശിവശങ്കര്‍ ആണെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരം. തന്റെ പക്കലുണ്ടായിരുന്ന ഫോണുകളുടെ ഐഎംഇ നമ്പര്‍ ശിവശങ്കര്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. എന്നാല്‍ ഒരു ലക്ഷം രൂപയോളം വിലവരുന്നതാണ് ഫോണ്‍.
കൈക്കൂലി ഐ ഫോണിന്റെ രൂപത്തിലും
സ്വപ്നാ സുരേഷ് ആവശ്യപ്പെട്ട പ്രകാരം ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ കിട്ടാന്‍ യൂണിടാക് ഉടമ കൈക്കൂലി എന്ന നിലയിലാണ് ഫോണുകള്‍ വാങ്ങി നല്‍കിയത് എന്നാണ് കേന്ദ്ര സംഘത്തിന്റെ കണ്ടെത്തല്‍. സ്വപ്നയുടെ നിര്‍ദേശപ്രകാരം താന്‍ ഐഫോണുകള്‍ വാങ്ങി നല്‍കിയെന്ന സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലും പിന്നാലെ വന്നു. പ്രതിപക്ഷ നേതാവിനെയും മുഖ്യമന്ത്രിയേയും മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേയുമെല്ലാം പല തവണ വിവാദത്തിലേക്ക് വലിച്ചിട്ട ഐ ഫോണ്‍ വലിയ വാര്‍ത്തയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്.
നവംബര്‍ 29 ന് കൊച്ചിയില്‍ നിന്ന് മൂന്നു ലക്ഷത്തി തൊണ്ണൂറ്റിമൂവായിരം രൂപയ്ക്ക് ആറു ഫോണുകളാണ് വാങ്ങിയത്. യൂണിടാക് ബില്‍ഡേഴ്സിന്റെ പേരിലായിരുന്നു ബില്ല്. 49,000 രൂപ വിലവരുന്ന നാല് ഐഫോണ്‍ എക്സ് ആറും 99,900 രൂപ വിലവരുന്ന ഐഫോണ്‍ ഇലവണ്‍ പ്രോയും 1,13,900 രൂപ വിലവരുന്ന 256 ജിബി മെമ്മറിയുള്ള മറ്റൊരു ഐഫോണ്‍ ഇലവണ്‍ പ്രോയുമാണ് വാങ്ങിയത്.
വാങ്ങിയത് അഞ്ചു ഫോണുകളെന്ന് ആദ്യം...പിന്നീട് അത് ആറായി
ഫോണുകളുടെ എണ്ണമായിരുന്നു ആദ്യവിവാദം. 2019 ഡിസംബര്‍ 2ന് യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരമായി നല്കാന് അഞ്ചു ഐഫോണ്‍ വാങ്ങി നല്‍കിയെന്നാണ് സന്തോഷ് ഈപ്പന് ആദ്യം പറഞ്ഞത്. നിര്‍മ്മാണ കരാര്‍ ലഭിക്കാന്‍ 4.48 കോടി കമ്മീഷന് പുറമേ അഞ്ച് ഐഫോണുകള്‍ വാങ്ങി നല്‍കാനും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടിരുന്നുവെന്നും ഹൈക്കോടതിയില്‍ സന്തോഷ് ഈപ്പന് പറഞ്ഞു. എന്നാല്‍ യൂണിടാക് കമ്പനിയുടെ പേരില്‍ കൊച്ചിയില്‍ നിന്നും വാങ്ങിയ ഐ ഫോണുകളുടെ ബില്ല് പുറത്തു വന്നതോടെയാണ് വാങ്ങിയത് ആറ് ഐ ഫോണുകളാണെന്നായി ചര്‍ച്ചകള്‍.
രമേശ് ചെന്നിത്തലയെ വിവാദത്തിലാക്കിയ ആറാമത്തെ ഫോണ്‍
ഈ ഘട്ടത്തിലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരേ ആരോപണം ഉയര്‍ന്നത്. ആറ് ഐഫോണുകളില്‍ അഞ്ചെണ്ണത്തിന്റെ വിവരം മൊബൈല്‍ കമ്പനി തന്നെ നല്കി. ഇതില്‍ ഏറ്റവും വില കൂടിയ ഫോണ്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പക്കല്‍ എന്ന രീതിയിലായി വാര്‍ത്തകള്‍. ഒരു ഐഫോണ്‍ പ്രതിപക്ഷ നേതാവിന്റെ പക്കലാണെന്നും സ്വപ്ന, രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയെന്നും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ സന്തോഷ് ഈപ്പന് അവകാശപ്പെട്ടു. രമേശ് ചെന്നിത്തലയ്ക്ക് ഉപഹാരമായി സ്വപ്ന സുരേഷ് ഫോണ്‍ നല്‍കിയെന്നാണ് സന്തോഷ് ഈപ്പന് ആദ്യം പറഞ്ഞത്.
ആരോപണത്തില്‍ കടുത്ത വിമർശനമാണ് അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയത്. കോണ്‍സുലേറ്റില്‍നിന്നു പാരിതോഷികമായി ഐ ഫോണ്‍ വാങ്ങിയതിനെപ്പറ്റി എന്താണ് പറയാനുള്ളതെന്നും കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു
തന്റെ കയ്യില്‍ ഐഫോണില്ലെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടതാണെന്നു പറഞ്ഞു ചെന്നിത്തല അത് നിഷേധിച്ചു. രമേശ് ചെന്നിത്തലക്ക് ഫോണ്‍ കൈമാറിയെന്നത് തെറ്റായി വന്ന വിവരമാണെന്ന് പിന്നീട് സന്തോഷ് ഈപ്പന് തന്നെ വ്യക്തമാക്കി. യു എ ഇ ദിനാഘോഷത്തില്‍ രമേശ് ചെന്നിത്തല ഫോണ്‍ വിതരണം ചെയ്തു എന്നത്, രമേശ് ചെന്നിത്തലയ്ക്ക് ഫോണ്‍ നല്കി എന്ന് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നായിരുന്നു സന്തോഷ് ഈപ്പന് പറഞ്ഞത്. ഇതോടെ ആറാമത്തെ ഐ ഫോണ്‍ ഉടമയെ സംബന്ധിച്ചുള്ള വിവാദം മുഖ്യമന്ത്രിയിലേക്കും എത്തി.
ഒരു ഘട്ടത്തില്‍ കോടിയേരിക്കെതിരേ രമേശ് ചെന്നിത്തല തന്നെ ഐ ഫോണ്‍ വിവാദം തിരിച്ചു വിടുകയും ചെയ്തിരുന്നു. അഞ്ചാമത്തെ ഐഫോണ്‍ ആര്‍ക്കാണ് കിട്ടിയതെന്ന് തനിക്കറിയാമെന്നും എന്നാല്‍ വെളിപ്പെടുത്തുന്നില്ല എന്നും കോട്ടയത്ത് തിരുവഞ്ചൂരിന്റെ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞു. ഐഫോണ്‍ വിവാദം തനിക്കെതിരേ കോടിയേരി ബാലകൃഷ്ണന് ഉന്നയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പി.എ ആയിരുന്ന ആളുടെ ഫോട്ടോ പുറത്ത് കാണിച്ചതോടെ അദ്ദേഹം എല്ലാം നിര്‍ത്തി എന്നും അഞ്ചാമത്തെ ഐ ഫോണിന്റെ കാര്യത്തില്‍ കേന്ദ്ര സംഘം തന്നെ ചോദ്യം ചെയ്തേക്കാം എന്നുമായിരുന്നു പറഞ്ഞത്.
ഏഴാമത്തെ ഫോണ്‍ ആരുടെ കൈവശം?
യുണിടാക് കമ്പനി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇന്‍വോയിസില്‍ അഞ്ച് ഫോണുകള്‍ക്ക് പകരം ആറ് ഫോണുകളുടെ ഐഎംഇ നമ്പറുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് മൊബൈല്‍ കമ്പനി ഉടമകള്‍ ഇഡിക്ക് കൈമാറിയ വിവരങ്ങളില്‍ സന്തോഷ് ഈപ്പന് ഏഴ് ഫോണുകള്‍ വാങ്ങി എന്നാണ് പറഞ്ഞത്. അഞ്ച് ഐഫോണ്‍ ഉടമകളുടെ വിവരങ്ങള്‍ മൊബൈല്‍ കമ്പനികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കൈമാറി.
പരസ്യകമ്പനി ഉടമ പ്രവീണ്‍, എയര്‍ അറേബ്യ മാനേജര്‍ പത്മനാഭ ശര്‍മ്മ, എം ശിവശങ്കര്‍, സന്തോഷ് ഈപ്പന്, കോണ്‍സുലര്‍ ജനറല്‍ എന്നിവരുടെ കൈയ്യിലാണ് ആദ്യത്തെ അഞ്ച് മൊബൈല്‍ ഫോണുകള്‍ ഉള്ളതെന്ന വിവരവും പുറത്തുവന്നു. അഡിഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്, കൊല്ലം സ്വദേശി ജിത്തു എന്നിവരുടെ കൈയ്യിലാണ് ബാക്കി രണ്ട് മൊബൈല്‍ ഫോണുകളെന്നാണ് മൊബൈല്‍ കമ്പനികള്‍ ഇഡിക്ക് നല്കിയ വിവരം.






