
ന്യൂഡല്‍ഹി: കിഫ്ബിക്കെതിരായ എന്‍ഫേഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നടപടികളില്‍ ഇടപെടാനാകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ. ഇ.ഡിയുടെ നടപടികളില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് കത്തെഴുതിയിരുന്നു. കത്തിലെ ആവശ്യങ്ങള്‍ പരിഗണിക്കാനാവില്ലെന്നായിരുന്നു തിരഞ്ഞെടുപ്പു കമ്മീഷണന്റെ നിലപാട്. കിഫ്ബിക്കെതിരായ അന്വേഷണം മാര്‍ച്ചു മുതല്‍ നടക്കുന്നതാണ്, തിരഞ്ഞെടുപ്പു കണക്കിലെടുത്ത് അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്നും സുനില്‍ അറോറ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
കിഫ്ബിക്കെതിരായ അന്വേഷണം ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ രാഷ്ട്രീയ താല്‍പ്പര്യമാണ് ഇഡിയുടെ ഇടപെടലെന്നും ഇ.ഡി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചെന്നുമുള്ള ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ക്കു കത്ത് നല്‍കിയത്.
അന്വേഷണ ഏജന്‍സികള്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതിനെതിരെ കമ്മീഷന് ഇടപെടണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കത്തെ രാഷ്ട്രീയമായിതന്നെ നേരിടാനാണ് സി.പി.എം. തയ്യാറെടുക്കുന്നത്. എന്നാല്‍ സി.പി.എം. നീക്കത്തിനെതിരെ ബി.ജെ.പി.യും രംഗത്തെത്തി.






