തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്വര്‍ണക്കടത്തിലും ഡോളര്‍ കടത്തിലും നേതൃത്വം കൊടുത്ത പ്രധാനികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും കേരളത്തില്‍ പരസ്പരം പോരടിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ബംഗാളില്‍ ഒരുമിച്ചാണെന്നും അമിത് ഷാ പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ നടത്തിപ്പ് ഭക്തരുടെ താത്പര്യ പ്രകാരമായിരിക്കുമെന്ന് അമിത് പറഞ്ഞു.
ദേശീയ പാത വികസനം, വൈദ്യുതി ഗ്രിഡ്, കൊച്ചി മോട്രോ, അമൃത് പദ്ധതി, കൊച്ചി പെട്രോ കെമിക്കല്‍സ് തുടങ്ങി കേരളത്തിലെ വിവിധ പദ്ധതികള്‍ക്ക് നല്കിയ സഹായങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് വിവിധ പദ്ധതികളുലൂടെ 1.56 ലക്ഷം കോടി കേരളത്തന്റെ വികസനത്തിനായി കേന്ദ്രം അനുവദിച്ചെന്നും അമിത് ഷാ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായിരുന്നില്ലേ. അവര്‍ക്ക് മാസം മൂന്ന് ലക്ഷം രൂപ ശമ്പളം കൊടുത്തില്ലേ? സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്ത്രീക്ക് നിങ്ങളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരില്‍ ഉന്നതപദവി നല്കിയില്ലേ? നിങ്ങളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സര്‍ക്കാര്‍ ചെലവില്‍ പ്രതിയായ സ്ത്രീയെ വിദേശത്ത് കൊണ്ടു പോയില്ലേ? വിമനത്താവളത്തിലെ കള്ളക്കടത്ത് പിടികൂടിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസിന് മേല്‍ സമ്മര്‍ദം ചൊലുത്തിയില്ലേ?
കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിക്കുന്ന മുഖ്യമന്ത്രി ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറയണം. ഈ രണ്ടു മുന്നണികളുടെയും ആശങ്ക ഈ നാടിനെക്കുറിച്ചല്ല അവരുടെ വോട്ടുബാങ്കിനെ കുറിച്ചാണ്. ഇവിടെ സിപിഎമ്മും കോണ്‍ഗ്രസും വര്‍ഗ്ഗീയ പാര്‍ട്ടികളായ എസ്ഡിപിഐയുമായും മറ്റു സഖ്യത്തിലാണ്. കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ സഖ്യത്തിലാണ്. ഇവിടെ കോണ്‍ഗ്രസ് സിപിഎമ്മിനെതരാണ്. എന്നാല്‍ ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യത്തിലാണ്.
കോവിഡ് കാര്യത്തില്‍ കേരളത്തിലേക്ക് എത്തിയാല്‍ സ്ഥിതി ഗുരുതരമാണ്. രാജ്യത്തെ കോവിഡ് രോഗികളുടെ നാല്‍പ്പത് ശതമാനം ഇന്ന് കേരളത്തിലാണ്. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാരിനായില്ല. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ രക്ഷിക്കാനോ അതില്‍ മരിച്ച അഞ്ഞൂറ് പേരെ രക്ഷിക്കാനോ അല്ല സ്വന്തം ആള്‍ക്കാരുടെ സ്വര്ണത്തട്ടിപ്പിം ഡോളര്‍ തട്ടിപ്പുകാരെയും സംരക്ഷിക്കാനുള്ള തിടുക്കത്തിലായിരുന്നു അവര്‍ എന്ന് അമിത് ഷാ പറഞ്ഞു.




