
പുതുച്ചേരി: മൂന്ന് എംഎല്‍എ മാരെ കൂടെ നിര്‍ത്തി പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിക്കാന്‍ കഴിഞ്ഞെങ്കിലും വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി കൈ കോര്‍ക്കാനില്ലെന്ന് ഓള് ഇന്ത്യ എന്‍ആര്‍ കോണ്‍ഗ്രസ്. പുതുച്ചേരിയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്നും തനിച്ചു മത്സരിക്കുമെന്നുമാണ് നേതാവ് എന്‍ രംഗസ്വാമി പറയുന്നത്. സഖ്യ സര്‍ക്കാരിലെ എന്‍ആര്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ മാരെ വലിച്ചായിരുന്നു ബിജെപി ഇവിടെ കോണ്‍ഗ്രസിന്റെ ഗവണ്മെന്റിനെ വീഴ്ത്തിയത്.
തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ സര്‍ക്കാര്‍ വീണെങ്കിലും ബിജെപിയുടെ എംഎല്‍എമാരുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ എന്‍ആര്‍ കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിരുന്നില്ല. കൂട്ടുകക്ഷി സര്‍ക്കാരുണ്ടാക്കാനുള്ള ആവശ്യം ഉന്നയിക്കാന്‍ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ആവശ്യത്തോട് ബിജെപി നേതാവ് നിര്‍മ്മല്‍ കുമാര്‍ സുരാന പ്രതികരിക്കാതിരുന്നതായിരുന്നു കാരണം. എന്നാല്‍ ബിജെപി പുതുച്ചേരി പ്രസിഡന്റ് വി സ്വാമിനാഥന് ഇന്ന് പ്രതികരിച്ചിരിക്കുന്നത് തങ്ങള്‍ രംഗസ്വാമിയെ മുഖ്യമന്ത്രിയായി കാണാന്‍ താല്‍പ്പര്യപ്പെടുന്നു എന്നാണ്.
അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ട്. പക്ഷേ കേന്ദ്രവുമായുള്ള ഒരു കൂട്ടുകെട്ട് കൊണ്ടേ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ എന്ന് അദ്ദേഹം മനസ്സിലാക്കണമെന്നും ബിജെപി നേതാവ് പറഞ്ഞു. അതേസമയം തന്റെ പാര്‍ട്ടിയില്‍ മികച്ച സ്ഥാനാര്‍ത്ഥികള്‍ ഏറെയുണ്ട്. 30 അംഗ സഭയില്‍ 18 സീറ്റുകള്‍ വിജയിച്ച് അധികാരത്തില്‍ ഏറുക എന്നത് ഒരു ദുഷ്ക്കരമായ കാര്യമല്ലെന്നനാണ് താന്‍ കരുതുന്നത്.
അതുകൊണ്ടു തന്നെ ബിജെപിയുമായി സഖ്യം ഉണ്ടാക്കേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്നും അത് വിരുദ്ധഫലം ഉളവാക്കുമെന്ന് കരുതുന്നതായും രംഗസ്വാമി പ്രതികരിക്കുന്നു. അതേസമയം അദ്ദേഹം സമ്മതം മൂളിയാല്‍ ബിജെപി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കുമെന്നും താല്‍പ്പര്യപ്പെടുന്ന സീറ്റ് തന്നെ നല്‍കുമെന്നുമാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. അതേസമയം തമിഴ്നാട്ടില്‍ കോണ്‍ഗ്രസിന്റെ പങ്കാളികളായ ഡിഎംകെ യുപിഎയുടെ ഭാഗമായി തന്നെ വീണ്ടും മത്സരിക്കാന്‍ എന്‍ആര്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അഞ്ചുവര്‍ഷം നീണ്ട നാരായണസ്വാമി സര്‍ക്കാര്‍ ആറ് എംഎല്‍എ മാര്‍ രാജിവെച്ചതിനെ തുടര്‍ന്ന വീണത് കഴിഞ്ഞ മാസമായിരുന്നു. മുന്‍ കോണ്‍ഗ്രസ് നേതാവ് പുതുച്ചേരി നമശിവായം ഉള്‍പ്പെടെ രണ്ടുപേര്‍ ബിജെപിയിലേക്ക് ചേക്കേറി. മറ്റൊരു സീനിയര്‍ നേതാവ് ലക്ഷ്മി നാരായണന് എന്‍ആര്‍ കോണ്‍ഗ്രസിലും ചേര്‍ന്നു. അതേസമയം പുതുച്ചേരിയില്‍ ബിജെപി തനിച്ചാണ് മത്സരിക്കുക. എഐഎഡിഎംകെ ഇവര്ശക്കാപ്പമാണോ എന്‍ആര്‍ കോണ്‍ഗ്രസുമായി കൈക്കോര്‍ക്കുമോ എന്ന കാര്യവും വ്യക്തമല്ല.






