തിരുവനന്തപുരം: കടകംപള്ളിയുടെ ഖേദപ്രകടനത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ശബരിമലയില്‍ കാണിച്ച അനീതിക്കും ക്രൂരതയ്ക്കും ആയിരം വട്ടം ഗംഗയില്‍ മുങ്ങിയാലും കടകംപള്ളി സുരേന്ദ്രന് മാപ്പ് ലഭിക്കില്ലെന്ന് സുരേന്ദ്രന് പറഞ്ഞു. കടകംപള്ളിയുടേത് മുതലക്കണ്ണീരാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് അദേഹം കുറ്റപ്പെടുത്തി. ആയിരം തിരഞ്ഞെടുപ്പില്‍ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി ഇപ്പോള്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയംകൊണ്ടാണെന്നും സുരേന്ദ്രന് പറഞ്ഞു.
ശബൂരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് 2018ലുണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഖേദപ്രകടനം നടത്തിയിരുന്നു. 2018ലെ സംഭവവികാസങ്ങളില്‍ ഖേദമുണ്ട്. അതുണ്ടാകാന്‍ പാടില്ലെന്നായിരുന്നുവെന്ന് കരുതുന്നു. ഇപ്പോള്‍ അത് അടഞ്ഞ അധ്യായമാണ് അതിനാല്‍ വിവാദങ്ങള്‍ക്കില്ലെന്നുമായിരുന്നു കടകംപള്ളിയുടെ പ്രതികരണം. എന്നാല്‍ കടകംപള്ളിയുടെ പ്രതികരണത്തെ രൂക്ഷമായി വിമര്‍ശിച്ചാണ് സുരേന്ദ്രന് രംഗത്തെത്തിയത്.
ചെയ്തതിനെല്ലാം കടകംപള്ളി സുരേന്ദ്രന് ഓരോന്നോരോന്നായി മാപ്പ് പറയണം മനീതി സംഘത്തേയും രഹ്നഫാത്തിമയേയും പതിനെട്ടാംപടി കയറ്റാന്‍ നോക്കിയതിന് കടകംപള്ളി പരസ്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യറാകണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. അതേസമയം സര്‍ക്കാര്‍ സുപ്രീകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം തിരുത്താന്‍ തയ്യറാകുന്നില്ലെന്നും സുരേന്ദ്രന് പറഞ്ഞു. ശബരിമലയുടെ കാര്യത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ സിപിഎം മലക്കം മറിഞ്ഞിരുന്നു. പക്ഷേ എന്തുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രന് സത്യാവാങ് മൂലം തിരുത്തികൊടുക്കാത്തതെന്ന് സുരേന്ദ്രന് ചോദിച്ചു.






