
കൊല്‍ക്കത്ത : പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ച് ജെഎന്‍യു വിദ്യാര്‍തഥി നേതാവ് ഐഷി ഘോഷ്. ക്യാമ്പസ് സമരത്തിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് കഴിഞ്ഞ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്ന നേതാവാണ് ഐഷിഘോഷ്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരാള്‍ മത്സരിക്കുന്നത് ആദ്യമായാണ്. പശ്ചിമ ബര്‍ധമാന്‍ ജില്ലയിലെ ജമൂരിയ മണ്ഡലത്തില്‍ നിന്നാണ് ഐഷി ജനവിധി തേടുന്നത്.
നിരവധി യുവ നേതാക്കളെ ഉള്‍പ്പെടുത്തിയാണ് ബംഗാളില്‍ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഐഷിക്ക് പുറമേ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ശ്രിജന്‍ ഭട്ടാചാര്യ ഹൂഗ്ലി സിംഗൂരില്‍ നിന്നും മത്സരിക്കുന്നുണ്ട്. ഡി.വൈ.എഫ്.എൈ സംസ്ഥാന പ്രസിഡന്റ് മീനാക്ഷി മുഖര്‍ജിയാണ് തൃണമൂലിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മമതാ ബാനര്‍ജിക്കും, ബിജെപി നേതാവ് സുവേന്ദു അധികാരിക്കും എതിരെ നന്ദിഗ്രാമില്‍ മത്സരിക്കുന്നത്.
ബിജെപിയും തൃണമൂലും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ഇടതുപക്ഷം മത്സരിക്കുന്നത്. ബുധനാഴ്ചയാണ് സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തു വിട്ടത്. 294 മണഡലങ്ങളിലേക്കായി 6 ഘട്ടങ്ങളിലായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.






