
തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ കസ്റ്റംസ് ചോദ്യംചെയ്യാനൊരുങ്ങുന്ന വിനോദിനി ബാലകൃഷ്ണന് കസ്റ്റംസിനെതിരേ നല്കിയ പരാതിയില്‍ പോലീസ് അന്വേഷണമാരംഭിച്ചു. ക്രൈംബ്രാഞ്ച് ഹൈടെക് അഡീഷണല്‍ എസ്.പി: ഇ.എസ്. ബിജിമോന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല.
യൂണിടാക് ഉടമ സന്തോഷ് ഈപ്പന് ലൈഫ് മിഷന് കേസിലെ പ്രതികള്‍ക്കു സമ്മാനിച്ച ഐ ഫോണില്‍ തന്റെ സിം കാര്‍ഡ് ഉപയോഗിെച്ചന്നു പറഞ്ഞു കസ്റ്റംസ് ചോദ്യംചെയ്യാനൊരുങ്ങുന്നത് അപമാനകരമാണെന്നും ഇക്കാര്യത്തെക്കുറിച്ചു സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് വിനോദിനി പരാതിയില്‍ പറയുന്നത്.
കസ്റ്റംസിന്റേതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണ്. ഈ വിഷയത്തില്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും വിനോദിനി സംസ്ഥാന പോലീസ് മേധാവിക്കു നല്കിയ പരാതിയില്‍ പറയുന്നു. ശാസ്ത്രീയമായ ഫോറന്‍സിക് അന്വേഷണം നടത്തണമെന്നാണ് വിനോദിനി ആവശ്യപ്പെട്ടിരിക്കുന്നത്.
സി.പി.എം. മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയായ വിനോദിനിയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അവര്‍ ഹാജരായിരുന്നില്ല. മനസറിവില്ലാത്ത കാര്യമായതു കൊണ്ടാണ് പോലീസില്‍ പരാതി നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കി.
സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ തന്നെ പ്രേരിപ്പിച്ചുവെന്ന സ്വപ്ന സുരേഷിന്റെ മൊഴിയുടെ പേരില്‍ കേരള പോലീസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ തിരിഞ്ഞിരിക്കുകയാണ്. ഈ കേസില്‍ സ്വപ്നയുടെ രണ്ടു അകമ്പടി പോലീസുകാരുടെ മൊഴി കൂടി പുറത്തുവന്നതോടെ ഇ.ഡിയും കസ്റ്റംസും ഒരു ഭാഗത്തും സംസ്ഥാന പോലീസ് മറുഭാഗത്തുമായി അന്വേഷണ യുദ്ധത്തിലാണ്.






