
ന്യൂഡല്‍ഹി: കഴിഞ്ഞ തവണ ബിജെപി ജയിച്ച നേമം മണ്ഡലത്തില്‍ ഉമ്മന്‍ചാണ്ടിയെ പോലെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുമ്പോള്‍ നേമത്തേക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാറ്റി വെച്ച് ഹൈക്കമാന്റ്. നേമത്ത് മത്സരിക്കാന്‍ മികച്ച സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ന് രാത്രിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ അന്തിമ രൂപം ഉണ്ടാകും.
നേമത്ത് ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടയില്‍ കഴിയും വേഗം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാനാണ് എഐസിസിയുടെ നീക്കം. തര്‍ക്കമുണ്ടായാല്‍ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി കഴിഞ്ഞ ശേഷം ഒടുവിലാകും നേമത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുക. നേമത്തിന്റെ കാര്യത്തിലുള്ള തര്‍ക്കം തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് മുന്നിലേക്ക് നീട്ടരുതെന്നും കഴിയുന്നതും ഇന്ന് രാത്രി തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കണമെന്നുമാണ് നിര്‍ദേശം.
കെ.സി. വേണുഗോപാല്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും തള്ളിയിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്നും മറ്റൊരു നേതാവ് കൂടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും കേന്ദ്രസമിതി വിലയിരുത്തുന്നു. ഇത്തരത്തിലുള്ള അനാവശ്യ ആശയക്കുഴപ്പം ഒഴിവാക്കുകയാണ് ഇപ്പോഴത്തെ ഉദ്ദേശം. സര്‍വേകളില്‍ എല്‍ഡിഎഫിന് കിട്ടുന്ന നേരിയ മുന്‍തൂക്കം മറക്കരുതെന്നും മികച്ച സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിലൂടെയേ ഇത് മറികടക്കാനാകൂ എന്നുമാണ് എഐസിസിയുടെ വിലയിരുത്തല്‍.
ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുല്‍ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. നേരത്തേ ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കുന്ന കാര്യത്തില്‍ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത് രമേശ് ചെന്നിത്തലയായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത് എ ഗ്രൂപ്പ് എതിര്‍ക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ പോലെ ഒരു സമുന്നതനായ കോണ്‍ഗ്രസ് നേതാവിനെ തോല്‍പ്പിക്കാന്‍ സിപിഎമ്മും ബിജെപിയും കൈകോര്ത്തേക്കാമെന്നും ദീര്‍ഘനാളായി കയ്യിലുള്ള പുതുപ്പള്ളി നഷ്ടപ്പെടുത്തരുതെന്നും എ ഗ്രൂപ്പ് പറയുന്നു.
2016 ല്‍ നേമത്ത് തോല്‍വി പിണയാന്‍ കാരണം വോട്ടു കച്ചവടമാണെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതേസമയം ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിക്കണമെന്നാണ് കോണ്‍ഗ്രസിലെ യുവനിരയും ആവശ്യപ്പെടുന്നത്. അതേസമയം കെ ബാബുവും കെ.സി. ജോസഫും ഉള്‍പ്പെടെയുള്ള തന്റെ വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഉമ്മന്‍ചാണ്ടി.
തെരഞ്ഞെടുപ്പ് സമിതിയിലേക്ക് ചര്‍ച്ച നീട്ടാതെ രാത്രി തന്നെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിടാനാണ് കോണ്‍ഗ്രസിന്റെ കേന്ദ്രസമിതിയുടെ തീരുമാനം. തെരഞ്ഞെടുപ്പ് സമിതിയിലേക്ക് ചര്‍ച്ച നീണ്ടാല്‍ നാളെരാവിലെ ആയിരിക്കും മിക്കവാറും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വരിക.






