
കൊല്‍ക്കത്ത : സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ അത് ജനങ്ങളുടെ അവകാശങ്ങളുടെ അവസാനമായിരിക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയുടെ വിജയം ലക്ഷ്യം വച്ച് കേന്ദ്രമന്ത്രിമാര്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ അവഗണിക്കുകയാണ്. കോവിഡ് പ്രതിസന്ധിയിലോ, എംഫാന്‍ ചുഴലിക്കാറ്റ് വീശിയടിച്ചപ്പോഴോ സംസ്ഥാനത്തിനായി ഒരു സഹായവും ചെയ്തില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പിന്റെ പേരും പറഞ്ഞ് സംസ്ഥാനത്ത് തമ്പടിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രിമാര്‍. ആഭ്യന്തരമന്ത്രി അമിത് ഷാ തെരഞ്ഞെടുപ്പ് കാര്യങ്ങളില്‍ ഇടപെടുന്നതെന്തിനാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതല അദ്ദേഹത്തിനാണോയെന്നും മമത ചോദിച്ചു.
ബാങ്കുരയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. തന്റെ ഒരു കാല് തകര്‍ത്താല്‍ വിജയിക്കുമെന്ന് ബിജെപി കരുതുന്നു, എന്നാല്‍ തനിക്കെന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് അവര്ക്കറിയില്ലായെന്നും മമത ബാനര്‍ജി പറഞ്ഞു.
നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ മമതാ ബാനര്‍ജിക്ക് നേരെ ആക്രമണമുണ്ടായി. കാറിലേക്ക് കയറാന്‍ ശ്രമിക്കവെ ചിലര്‍ അവരെ തള്ളി വീഴ്ത്തുകയായിരുന്നു. അതിനു ശേഷം നടക്കാന്‍ കഴിയാതെ വന്ന അവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വീല്‍ചെയറില്‍ ഇരുന്നാണ് അവര്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കുന്നത്.






