
ന്യൂഡല്‍ഹി: ആസ്ട്രസെനെക്ക കോവിഡ് വാക്സിന് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതിന് തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. യുറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമല്ല ഇന്ത്യയും യു.കെയും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ വാക്സന്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിന് സുരക്ഷിതമാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ടായിരുന്നു രണ്‍ദീപ് ഗുലേറിയയുടെ പരാമര്‍ശം.
വാക്സിന് സ്വീകരിച്ച ചിലരില്‍ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആസ്ട്രസെനക്കയുടെ കോവിഡ് വാക്സിന് വിതരണം ഇറ്റലി, ജര്‍മനി, ഫ്രാന്‍സ്, ഡെന്മാര്ക്ക്, നെതര്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ്, നോര്‍വേ, ഐസ്ലാന്‍ഡ്, കോംഗോ, ബള്‍ഗേറിയ എന്നീ രാജ്യങ്ങള്‍ നിര്‍ത്തിവെച്ചിരുന്നു. വാക്സിന്റെ പരീക്ഷണഘട്ടത്തിലോ തുടര്‍ന്നോ വാക്സിന് കാരണം രക്തം കണ്ടപിടിച്ചതിന്റെ പ്രത്യക്ഷ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ഡേറ്റ പരിശോധിക്കുന്നതിനും പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമായി അവിടുത്തെ വാക്സിന് ഉപയോഗം താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇതിനോടകംതന്നെ ലക്ഷക്കണക്കിന് ആളുകളാണ് അള്ട്രാസെനെക്ക വാക്സിന് ഉപയോഗിച്ചിരിക്കുന്നത്. ഇവിടെനിന്നൊന്നും വാക്സിന് ഉപയോഗിച്ചതിനു ശേഷം രക്തം കട്ടപിടിക്കുന്നു എന്ന് കണ്ടെത്താനായില്ല.






