
ന്യൂഡല്‍ഹി: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന് തന്നെ മത്സരിക്കും. സംസ്ഥാന ഘടകങ്ങളുടെ എതിര്‍പ്പിനിടയിലും ബി.ജെ.പി. ദേശീയ നേതൃത്വം ശോഭയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കണമെന്ന നിലപാട് സ്വീകരിച്ചത്. കഴക്കൂട്ടത്ത് മത്സരിപ്പിക്കാനാണ് നിര്‍ദ്ധേശം. നാലു മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെക്കൂടി തീരുമാനിച്ചു. ഇതോടെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണമായി.
കഴക്കൂട്ടം, മാനന്തവാടി, കരുനാഗപ്പള്ളി, കൊല്ലം എന്നവിടങ്ങളിലാണ് അവസാനമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സ,ംവരണ മണ്ഡലമായ മനാനന്തവാടിയില് മുകുന്ദന് പള്ളിയറയാണ് മത്സരിക്കുക. മാനന്തവാടിയില്‍ മണിക്കുട്ടന് എന്ന സ്ഥാനാര്‍ത്ഥിയെയാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അദ്ദേഹം പിന്മാറിയതോടെയാണ് മുകുന്ദന് പള്ളിയരയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. കരുനാഗപ്പള്ളില്‍ ബിറ്റി സുധീര്‍, കൊല്ലത്ത് എം. സുനില്‍ എന്നിവരാണ് ബി.ജെ.പി. സ്ഥാനാര്‍ത്ഥികളാകുക.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്ദ്ധേശപ്രകാരമാണ് ശോഭ സുരേന്ദ്രന് കഴക്കൂട്ടത്തുതന്നെ സീറ്റു നല്‍കുന്നത്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശോഭയുടെ പേരില്ലായിരുന്നു. ശോഭയെ ഒഴിവാക്കാന്‍ ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ രംഗത്തിറക്കാന്‍ ശ്രമിച്ചെങ്കിലും അവയെയെല്ലാം പിന്തള്ളി ശോഭയെതന്നെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. മണ്ഡലത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശബരിമല വിഷയം രാഷ്ട്രീയ ആയുധമാക്കി നേരിടാനാണ് ശോഭയുടെ ശ്രമം.
115 മണ്ഡലങ്ങളിലാണ് ഇത്തവണ ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് കോന്നിയിലും മഞ്ചേശ്വരത്തും മത്സരിക്കും. എ ക്ലാസ് മണ്ഡലങ്ങളായ തിരുവനന്തപുരത്ത് നടന് കൃഷ്ണകുമാറും വട്ടിയൂര്‍ക്കാവില്‍ വി.വി രാജേഷും നേമത്ത് കുമ്മനം രാജശേഖരനും മത്സരിക്കും. ഇ. ശ്രീധരന് പാലക്കാടും സുരേഷ് ഗോപി തൃശൂരിലും ജനവിധി തേടും.






