
കോഴിക്കോട്: യു.ഡി.എഫില്‍ തര്‍ക്കം നിലനില്‍ക്കുന്ന എലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും പത്രിക നല്കി പ്രശ്നം കൂടുതല്‍ രൂക്ഷമാക്കി. യു.ഡി.എഫ് ഔദ്യോഗിക സ്ഥാനാര്‍ഥി എന്ന നിലയില്‍ എന്‍.സി.കെയുടെ സുള്‍ഫിക്കര്‍ മയൂരി പത്രിക നല്കിയപ്പോള് കോണ്‍ഗ്രസിന്റെ പൊതു സ്ഥാനാര്‍ഥി എന്ന നിലയില്‍ കെ.പി.സി.സി അംഗം യു.വി ദിനേശ്മണിയും പത്രിക നല്കി.
എന്‍.സി.കെയുടെ സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. പലവട്ടം ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടന്നുവെങ്കിലും സമവായം ഉണ്ടായിട്ടില്ല. ഇടതുമുന്നണി സഥാനാര്‍ഥിയായി എ.കെ ശശീന്ദ്രന് മത്സരിക്കുന്ന എലത്തൂര്‍ മണ്ഡലം എന്‍.സി.കെക്ക് നല്കുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തുവന്ന് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നു പ്രഖ്യാപിച്ചിരുന്നു.
പിന്നീടാണ് യു.വി ദിനേശ് മണിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രചാരണം തുടങ്ങുന്നതിനായി സുള്‍ഫിക്കര്‍ മയൂരി എത്തിയെങ്കിലും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇടഞ്ഞുനില്‍ക്കുന്നതിനാല്‍ രംഗത്തിറങ്ങാതെ കഴിയുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ സുള്‍ഫിക്കറിനോട് തിരിച്ചു പോകാനാണ് പറഞ്ഞത്. എന്നാല്‍ മുന്നണി ധാരണയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന നിലപാടിലാണ് സുള്‍ഫിക്കര്‍ മയൂരി.
ഇന്നലെ പത്രിക നല്‍കിയതോടെ ഇനി പിറകോട്ട് പോകാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അതേസമയം, കോണ്‍ഗ്രസാണ് എലത്തൂരില്‍ മത്സരിക്കേണ്ടതെന്ന് എം.കെ. രാഘവന് എം.പി അടക്കമുള്ള നേതാക്കന്മാര് വ്യക്തമാക്കിയിരുന്നു.
യൂത്ത് കോണ്‍ഗ്രസിന്റെ എട്ടു മണ്ഡലം കമ്മിറ്റികളും രണ്ടു ബ്ലോക്ക് കമ്മിറ്റികളും കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എലത്തൂര്‍ സീറ്റിന്റെ പേരില്‍ എന്‍.സി.പിയിലും കലാപം പൊട്ടിപുറപ്പെട്ടിരുന്നു. എ.കെ ശശീന്ദ്രനെ മത്സരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഒരു പറ്റം നേതാക്കള്‍ രംഗത്തെത്തിയിരുന്നുവെങ്കിലും ദേശീയനേതൃത്വം ശശീന്ദ്രന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.






