
ചിലങ്കയുടെ താളവും നൃത്തച്ചുവടുകളും കൊണ്ട് താളാന്മകമാണ് തിരുവനന്തപുരം വെങ്ങാനൂരിലെ നാട്യ ഭാരതി നൃത്തവിദ്യാലയത്തിന്റെ അന്തരീക്ഷം. രാവിലെ മുതല്‍ നൃത്തപഠനം ആരംഭിച്ചു കഴിഞ്ഞു. ക്ലാസുകള്‍ക്ക് നേതൃത്വം നല്കുന്നതാകട്ടെ ശരണ്യ മോഹനും. അഭിനയത്തിന് താല്‍ക്കാലിക ഇടവേള നല്കിയപ്പോഴും നൃത്തത്തെ നെഞ്ചോടു ചേര്‍ത്തുപിടിക്കുകയാണ് ഈ നര്‍ത്തകി. രണ്ട് പൊന്നോമനകളുടെ കുസൃതികളും പിണക്കങ്ങളും ഇണക്കവുമൊക്കെയായി തിരക്കിലാണ് ശരണ്യ.
കുടുംബമാണ് പ്രധാനം
ഭാര്യ, മരുമകള്‍, അമ്മ എന്നീ റോളുകളില്‍ തിരക്കിലാണ് ഞാന്‍. മുമ്പ് ഷൂട്ടും യാത്രയുമായി തിരക്കായിരുന്നെങ്കില്‍ ഇപ്പോള്‍ ഭര്‍ത്താവിന്റെയും കുട്ടികളുടെയും കാര്യങ്ങളും ഡാന്‍സ് സ്കൂളുമൊക്കെയായി തിരക്കിലാണ്. യാത്രകളില്ലെന്നതൊഴിച്ചാല് വലിയ വ്യത്യാസമൊന്നും തോന്നുന്നില്ല. എങ്കിലും ജീവിതം സന്തോഷകരമായാണ് മുമ്പോട്ട് പോകുന്നത്.
ഇപ്പോള്‍ മക്കളാണ് ഞങ്ങളുടെ ലോകം. മകന് അനന്തപദ്മനാഭന് എല്‍.കെ.ജിയില്‍ പഠിക്കുന്നു. മകള്‍ അന്നപൂര്‍ണ്ണയ്ക്ക് രണ്ട് വയസാകുന്നതേയുള്ളൂ. മുമ്പ് എന്റെ ഇഷ്ടങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ കുട്ടികളുടെ സൗകര്യത്തിന് അനുസരിച്ചാണ് എന്റേതായ കാര്യങ്ങള്‍ ചെയ്യുന്നത്.
കുടുംബവും ഡാന്‍സ് ക്ലാസും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകുമെന്ന കാര്യത്തില്‍ ടെന്‍ഷനുണ്ടായിരുന്നു. കൃത്യമായി പ്ലാനിങ്ങോടെ ചെയ്താല്‍ എല്ലാം ഈസിയായി നടക്കും. വീടിന്റെ കോംപൗണ്ടില്‍ തന്നെയാണ് ഡാന്‍സ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. വീട്ടിലാകട്ടെ അച്ഛനും അമ്മയുമുണ്ട്. നാത്തൂനും അടുത്താണ് താമസം. ഇവരുടെയൊക്കെ സഹായമുള്ളതുകൊണ്ട് എല്ലാം കുഴപ്പമില്ലാതെ പോകുന്നു.
ഫ്രണ്ട്ലി മാം
ഒരുപാട് സ്ട്രിക്റ്റായിട്ടല്ല കുട്ടികളെ വളര്‍ത്തുന്നത്, എന്നാല്‍ നോ പറയണ്ട കാര്യങ്ങളില്‍ നോ പറയുകയും വേണം. വിവാഹത്തിന് മുമ്പ് എന്റെ ബെസ്റ്റ് ഫ്രണ്ട് അനിയത്തിയായിരുന്നു. ചേട്ടനും സഹോദരിയും പരസ്പരം വലിയ സ്നേഹമാണ്. മക്കളും അതുപോലെ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരായിരിക്കണം എന്നാണ് ആഗ്രഹം.
ചില സമയങ്ങളില്‍ ഞാന്‍ സ്ട്രിക്ടാകാറുണ്ട്. ഓണ്‍ലൈന്‍ ക്ലാസിനല്ലാതെ എല്ലാ സമയവും ഫോണ്‍ കൈയില്‍ കൊടുക്കാറില്ല. അതുപോലെ ടിവി കാണിച്ചും ഫോണ്‍ കൈയില്‍ കൊടുത്തും ഭക്ഷണം കഴിപ്പിക്കാറില്ല. ഡൈനിംഗ് ടേബിളില്‍ ഇരുന്ന് ഭക്ഷണത്തിന്റെ ടേസ്റ്റ് അറിഞ്ഞ് കഴിക്കണം. എന്നുകരുതി എല്ലാ കാര്യത്തിലും നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാറില്ല. ആവശ്യത്തിന് സ്വാതന്ത്ര്യവും അനുവദിക്കണം.
ചട്ടമ്പി കല്യാണി
മോന് ചെറുപ്പത്തില്‍ ഭയങ്കര കുസൃതിയാണെന്ന് ഞാന്‍ പറയുമായിരുന്നു. പൂര്ണി ജനിച്ചതോടെ ആ അഭിപ്രായം മാറ്റി. മഹാചട്ടമ്പിയാണവള്. മോളെ പൂര്ണ്ണിയെന്നാണ് വീട്ടില്‍ വിളിക്കുന്നത്. മോനത് പൂനിയാക്കി. ചേട്ടനോട് വഴക്കിടലാണ് പ്രധാന ഹോബി. അവന് പാവമാണ്. മോള് ഉപദ്രവിച്ചാലും തിരിച്ചൊന്നും ചെയ്യാതെ എന്നോട് വന്ന് പരാതി പറയും. മോളെ വഴക്ക് പറയുമ്പോള്‍, അവള് ചേട്ടാ എന്ന് വിളിച്ചാണ് കരയുന്നത്. അനിയത്തിയുടെ കരച്ചില് കാണുമ്പോള്‍ ചേട്ടന്റെ മനസ് മാറും, അമ്മ എന്തിനാ പൂര്ണ്ണിയെ വഴക്ക് പറഞ്ഞത്. പൂനി പദൂന്റെ വാവയല്ലേ എന്ന് പറഞ്ഞ് അവരൊന്നാകും. മോള്‍ക്കോ മോനോ ഒരു മിഠായി കൊടുത്താല്‍ ഉടനെ വാവയ്ക്ക് അല്ലെങ്കില്‍ ചേട്ടനുള്ള മിഠായി കൂടി ചോദിക്കും. ആ സ്നേഹം എന്നും നിലനില്ക്കണേ എന്നാണ് പ്രാര്‍ത്ഥന.
പൂര്ണ്ണിയെ സിനിമയിലെടുത്തേ
സിനിമയില്‍ നിന്ന് വിട്ട് നിന്നശേഷവും പല ഓഫറുകള്‍ വരുന്നുണ്ടായിരുന്നു. മോള്‍ക്ക് ഒരു വയസു കഴിഞ്ഞശേഷമാണ് ഒരു പരിചയക്കാരന് മുഖേ
നെ പാമ്പേഴ്സിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ ഓഫര്‍ കിട്ടുന്നത്. വീട്ടിലെല്ലാവരും സപ്പോര്‍ട്ട് ചെയ്തതോടെ ആ പരസ്യം ചെയ്യാന്‍ തീരുമാനിച്ചു. അപ്പോഴാണ് പരസ്യത്തില്‍ മകള്‍ പൂര്ണ്ണിയും അഭിനയിക്കണമെന്ന് പറയുന്നത്. ഞങ്ങളൊരുമിച്ച് ക്യാമറയ്ക്ക് മുമ്പില്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. കുറച്ചുനാളുകള്‍ക്കുശേഷം ക്യാമറയ്ക്ക് മുമ്പില്‍ വരുന്നതിന്റെയും പൂര്ണ്ണി സെറ്റില്‍ ബഹളമുണ്ടാക്കുമോ എന്നൊക്കെ ചെറിയ ടെന്‍ഷനുണ്ടായിരുന്നു. മോള്‍ക്കന്ന് ഒന്നേകാല്‍ വയസേയുള്ളൂ. പതിയെ നടന്നു തുടങ്ങുന്നേയുള്ളൂ. ഷൂട്ട് തുടങ്ങിയപ്പോള്‍ ഇഷ്ടമുള്ള പാട്ടൊക്കെ കേള്‍പ്പിച്ചതോടെ ആള് ഹാപ്പിയായി. പിന്നെ ലൈറ്റും ബഹളവുമൊന്നും ശ്രദ്ധിച്ചതേയില്ല.
ജീവിതത്തിലെ റോളുകള്‍
സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്ത് ശീലിച്ച ആളാണ് ഞാന്‍. ജനിച്ചു വളര്‍ന്ന വീട്ടിലെ സാഹചര്യമായിരിക്കില്ല, വിവാഹം കഴിച്ച് ചെല്ലുന്ന വീട്ടില്‍. കലാകുടുംബമാണ് എന്റേത്. ഇവിടെ ചേട്ടന്റെ വീട്ടില്‍ അച്ഛനും അമ്മയും സഹോദരിയുമൊക്കെ കോളജ് അധ്യാപകരാണ്. അതുകൊണ്ട് അവര്‍ സ്ട്രിക്റ്റായിരിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു. പക്ഷേ അവര്‍ എന്റെ പ്രായത്തിലുള്ള കുറേ കുട്ടികളെ പഠിപ്പിച്ചവരായതുകൊണ്ട് നമ്മുടെ രീതികളൊക്കെ അറിയാമായിരുന്നു. പിന്നെ കുടുംബിനിയാകുമ്പോള് നമ്മളും പലതും മനസിലാക്കണം. കൂടാതെ ചേട്ടന്റെ വീട്ടുകാര്‍ കലയെ പ്രോത്സാഹിക്കുന്നവരാണ്. മുമ്പ് വീട്ടില്‍ അമ്മയെ സഹായിച്ചിരുന്നതുപോലെ ഇവിടെയും ജോലികളില്‍ അമ്മയ്ക്കൊപ്പം ഞാനും കൂടും. ഒഴിവുസമയങ്ങളില്‍ അച്ഛനൊപ്പം തമാശയൊക്കെ പറഞ്ഞും വര്‍ത്തമാനം പറഞ്ഞും നല്ലൊരു മകളാകും. അതൊക്കെ കൊണ്ടാവും ജീവിതം മാറിയെന്ന് തോന്നുന്നില്ല.
ചിലങ്കയുടെ താളം
അച്ഛന്റെയും അമ്മയുടെയും കൈയില്‍ നിന്ന് കിട്ടിയതാണ് നൃത്തത്തോടുള്ള പ്രണയം. അച്ഛന് മോഹനും അമ്മ കലാമണ്ഡലം ദേവിയും നൃത്താധ്യാപകരാണ്. അവരുടെ നൃത്തവിദ്യാലയവും അവിടുത്തെ പരിശീലനവും ആ ചുവടും താളവുമൊക്കെ കണ്ടാണ് ഞാനും അനിയത്തിയും വളര്‍ന്നത്. അങ്ങനെ ഞങ്ങളും നൃത്തം പഠിച്ചു. ഇനിയും എന്തെങ്കിലും പുതിയതായി പഠിക്കണം എന്നാണ് ആഗ്രഹം. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള താല്പര്യം കൊണ്ട് ഇപ്പോള്‍ കളരിയില്‍ തുടക്കം കുറിച്ചു. ആഴ്ചയില്‍ മൂന്ന് ദിവസം രാവിലെ കളരി പഠിക്കുന്നുണ്ട്. ഭര്‍ത്താവും ചേച്ചിയുടെ മകളും ഒപ്പമുണ്ട്.
നൃത്തവും സംഗീതവും പഠിക്കുന്നതും പ്രാക്ടീസ് ചെയ്യുന്നതും മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ആറ് വര്‍ഷത്തോളം സിനിമയില്‍ നല്ല വേഷങ്ങള്‍ ചെയ്തു. അഭിനയം എന്നത് എന്റെ ചിന്തയില്‍ ഉണ്ടായിരുന്നില്ല.
സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ മുമ്പേ ഞാന്‍ ഡാന്‍സര്‍ ടീച്ചറായേനെ. ആ ആഗ്രഹം ഇപ്പോഴാണ് പൂര്‍ത്തിയാക്കിയത്. ആലപ്പുഴയില്‍ അച്ഛനും അമ്മയും ചേര്‍ന്ന് നടത്തിയിരുന്ന നൃത്തവിദ്യാലയത്തില്‍ ഞാനും അനിയത്തിയും ഞങ്ങളുടേതായ രീതിയില്‍ സഹായിക്കുമായിരുന്നു. എന്റെ വിവാഹേേശഷം അവര്‍ മൂന്നാളുമാണ് ഇപ്പോള്‍ ക്ലാസുകളെടുക്കുന്നത്. വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നാട്യ ഭാരതി എന്ന് പേരില്‍ ഞാനും നൃത്തവിദ്യാലയം തുടങ്ങി. ഇതിനിടയില്‍ ഭരതനാട്യത്തില്‍ എം.എഫ്. എ പൂര്‍ത്തിയാക്കി. ഇനി പിഎച്ച്ഡി ചെയ്യണമെന്നുണ്ട്. തല്ക്കാലം ആ ആഗ്രഹം കുറച്ചു നാളത്തേക്ക് മാറ്റി വയ്ക്കുകയാണ്.
ഇമ്പമുള്ള കുടുംബം
ചേട്ടന്റെ വീട്ടിലെല്ലാവരും സപ്പോര്‍ട്ടാണ്. നമുക്കിഷ്ടമുള്ള കാര്യങ്ങള്‍ വീട്ടുകാരുടെ സപ്പോര്‍ട്ടോട് കൂടി ചെയ്യുമ്പോഴല്ലേ സന്തോഷമുണ്ടാകൂ. ആ കാര്യത്തില്‍ ഞാന്‍ ഭാഗ്യവതിയാണ്. ക്ലാസുകളുള്ള സമയത്ത് കുഞ്ഞുങ്ങളെ നോക്കുന്നത് അമ്മയാണ്. അതുകൊണ്ടാണ് ടെന്‍ഷനൊന്നുമില്ലാതെ പഠനവും പഠിപ്പിക്കലുമൊക്കെ നടക്കുന്നത്.
അശ്വതി അശോക്