
തിരുവനന്തപുരം : വോട്ടര്‍പട്ടികയില്‍ കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ ബലത്തിലാണ് സിപിഎം ഭരണത്തുടര്‍ച്ച അവകാശപ്പെടുന്നതെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
സംസ്ഥാനത്ത് 131 നിയോജക മണ്ഡലങ്ങളിലായി 4,34,042 വ്യാജവോട്ടുകളാണ് കോണ്‍ഗ്രസ് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്കിയപ്പോള് ഇരട്ടവോട്ട് കണ്ടെത്തേണ്ട ചുമതല രാഷ്ട്രീയ പാര്ട്ടികള്ക്കാണന്ന് പറഞ്ഞതല്ലാതെ നടപടി ഉണ്ടായില്ലായെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഈ നിലപാട് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു ഇരട്ടവോട്ടുകളോട് ഇതുവരെ സിപിഎം പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ മൗനം വ്യാജവോട്ടുകളെ അനുകൂലിക്കുന്നതിന് തുല്യമാണന്നും മുല്ലപ്പള്ളി പറഞ്ഞു.
വ്യാജവോട്ടും ഇരട്ടവോട്ടും തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംഘടിത നീക്കമാണ്. ഇരട്ടവോട്ടുകള്‍ നീക്കം ചെയ്യണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നതിന്റെ കാരണം രാഷ്ട്രീയമല്ല, പകരം സത്യസന്ധവും സുതാര്യവുമായ തിരഞ്ഞെടുപ്പ് മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ ഇരട്ടവോട്ടുള്ളവരെ വിലക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച സാഹചര്യത്തില്‍ ഇരട്ടവോട്ടുകള്‍ മരവിപ്പിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിയമ തടസ്സമുണ്ട്. ഈ സാഹചര്യത്തിലാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചത്.ഇരവോട്ടുകള് മരവിപ്പിക്കണം, ഇരട്ടവോട്ടുകള്‍ ഉള്ളവരെ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്, തുടങ്ങിയ ആവശ്യങ്ങള്‍ ചെന്നിത്തല ഹര്‍ജിയില്‍ ഉന്നയിച്ചു.സാങ്കേതിക പ്രശ്നം കൊണ്ടല്ല വോട്ട് ഇരട്ടിച്ചതെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം. സി.പി.എം നടത്തിയ ആസൂത്രിത നീക്കമാണെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.






