
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വഴിതെറ്റുന്നുവോയെന്നു പരിശോധിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കും.
സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ വിവാദത്തില്‍ റിട്ട. ജസ്റ്റിസ് വി.കെ. മോഹനനെ കമ്മിഷന് അധ്യക്ഷനായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചാലേ നിയമനം പ്രാബല്യത്തിലാകൂ. 2017-ലെ അന്വേഷണ കമ്മിഷന് നിയമപ്രകാരം സംസ്ഥാനമന്ത്രിസഭയ്ക്ക് ഏതുസമയത്തും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാം. എന്നാല്‍, തെരഞ്ഞെടുപ്പുകാലത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണം.
കേന്ദ്ര ഏജന്‍സികളായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി) കസ്റ്റംസിനുമെതിരേ സംസ്ഥാനസര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ കിഫ്ബിയിലെ ആദായനികുതിവകുപ്പ് പരിശോധനയും സംസ്ഥാനസര്‍ക്കാരിനെ പ്രകോപിപ്പിച്ചു. ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടുകള്‍ നിയമപരമായി നടപ്പാക്കണമെന്നില്ലെങ്കിലും വിവിധ കോടതികളില്‍ കേന്ദ്ര ഏജന്‍സികളുമായുള്ള നിയമപോരാട്ടങ്ങളില്‍ ഗുണംചെയ്യുമെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍. നിയമസഭാതെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണു സംസ്ഥാനസര്‍ക്കാരിന്റെ നിര്‍ണായകനീക്കം.
മന്ത്രിസഭാതീരുമാനം നിയമവിരുദ്ധമാണെന്നു ബി.ജെ.പിയും തെരഞ്ഞെടുപ്പുസമയത്തെ തട്ടിപ്പെന്നു യു.ഡി.എഫും ആരോപിച്ചു. വികസനപദ്ധതികള്‍ തടസപ്പെടുത്തുന്നെന്നും ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ചുവിടുന്നെന്നും ആരോപിച്ചാണു സംസ്ഥാനസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് കേസിനും കസ്റ്റംസ് കമ്മിഷണര്‍ക്കെതിരായ കോടതിയലക്ഷ്യനടപടിക്കും പിന്നാലെയാണിത്.
നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, പി.എസ്. സരിത്തിന്റെ കത്ത് തുടങ്ങി അഞ്ച് കാര്യങ്ങളാണു കമ്മിഷന്റെ പരിഗണനാവിഷയങ്ങള്‍. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട ഗൂഢാലോചന, മുഖ്യമന്ത്രിക്കെതിരേ മൊഴി നല്കാന് പ്രതികള്‍ക്കുമേലുള്ള സമ്മര്‍ദം, അതിനു പിന്നിലാര് തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും.
ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്. കോടതിയുടെ പരിഗണനയിലാണ്. ഇ.ഡിക്കെതിരേ പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി മജിസ്ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തി, തെളിവുനിയമപ്രകാരം കേസ് ശക്തമാക്കാന്‍ ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചിരുന്നു. 2020 ഓഗസ്റ്റ് 12, 13 തീയതികളില്‍ ഇ.ഡി. സ്വപ്നയെ ചോദ്യംചെയ്തപ്പോള്‍ മുഖ്യമന്ത്രിയുടെ പേരുപറയാന്‍ നിര്‍ബന്ധിക്കുന്നതു കേട്ടെന്നാണു പോലീസ് ഉദ്യോഗസ്ഥയുടെ മൊഴി.






