
കുളമാവ്: ഒരുമിച്ചെത്തിയ പെണ്‍കുട്ടിയെ നാടുകാണി പവലിയനു സമീപം പാറക്കെട്ടില്‍നിന്നു യുവാവ് തള്ളി വീഴ്ത്തി. ആരോപണവിധേയനായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 200 അടിയോളം താഴ്ചയിലേക്കു വീണ പെണ്‍കുട്ടി ഗുരുതര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.
കാഞ്ഞാര്‍ സ്വദേശിയായ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് നാടുകാണി പവലിയന് 200 അടി താഴ്ഭാഗത്തായി അവശനിലയില്‍ കണ്ടെത്തിയത്. സമീപത്തെ മരത്തിലാണ് മേലുകാവ് ഇല്ലിക്കല്‍ (മുരിക്കന്‍ തോട്ടത്തില്‍) അലക്സി(23)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയ പെണ്‍കുട്ടി, തന്നെ യുവാവ് തള്ളി വീഴ്ത്തിയതായി മൊഴി നല്‍കിയിട്ടുണ്ടെന്നു പോലീസും പറഞ്ഞു. അലക്സിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ: ‘‘നാടുകാണി പവലിയനു സമീപം പാറക്കെട്ടില്‍ അലക്സും പെണ്‍കുട്ടിയും സംസാരിക്കുക ആയിരുന്നു. ഇതിനിടെ പെട്ടെന്നുള്ള പ്രകോപനത്തില്‍ അലക്സ് പെണ്‍കുട്ടിയെ പിടിച്ചുതള്ളി.
പാറക്കെട്ടിലൂടെ താഴേക്കു പതിച്ച പെണ്‍കുട്ടി ബോധരഹിതയായി. പാറക്കെട്ടിലൂടെ ഇറങ്ങി പെണ്‍കുട്ടിയുടെ അടുത്തെത്തിയ യുവാവ്, ബോധരഹിതയായ പെണ്‍കുട്ടി മരിച്ചെന്നു കരുതി ആത്മഹത്യ ചെയ്തിരിക്കാനാണ് സാധ്യത.’’
അതേസ്ഥലത്ത് മരത്തില്‍ യുവാവ് സ്വന്തം പാന്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. വ്യാഴാഴ്ച പെണ്‍കുട്ടിയെ കാണാനില്ലെന്നു കാഞ്ഞാര്‍ പോലീസിലും യുവാവിനെ കാണാനില്ലെന്നു മേലുകാവ് പോലീസിലും പരാതി കിട്ടിയിരുന്നു. ഇതിനിടെയാണ് നാടുകാണിക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്ക് കണ്ടെത്തിയതായി കുളമാവ് പോലീസിനു അറിയിപ്പ് കിട്ടിയത്.
അന്വേഷണത്തിനിടെ പവലിയനു സമീപമെത്തിയ പോലീസ് പെണ്‍കുട്ടിയുടെ പേര് ചൊല്ലിവിളിച്ചു. കരച്ചില് കേട്ട് എസ്.ഐമാരായ മനോജ്, ഐസക്, സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷ് എന്നിവര്‍ പാറക്കെട്ടിലൂടെ ഇറങ്ങിച്ചെന്നു പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.






