
മുംബൈ: തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ പ്രധാനമന്ത്രി നടത്തിയ ക്ഷേത്രദര്‍ശനം വെറും തട്ടിപ്പാണെന്നും ബംഗാളിലെ ഹിന്ദു വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നും വിമര്‍ശിച്ച് ശിവസേന. തങ്ങളുടെ മുഖപത്രമായ സാംനയിലാണ് മോഡിയെ ശിവസേന വിമര്‍ശിച്ചിരിക്കുന്നത്. 2016 ല്‍ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ കളിച്ച അതേ നാടകമാണ് ഇതെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ സന്ദര്‍ശനത്തിനായി പോയ നരേന്ദ്രമോഡി ഗോപാല്‍ഗഞ്ചിലെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ഇത് ബംഗാളിലെ ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നു എന്നും 2016 ല്‍ യുപി തെരഞ്ഞെടുപ്പ് സമയത്ത് നേപ്പാളില്‍ പശുപതിനാഥ് ക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തിയതിന് സമാനമായ തന്ത്രമാണെന്നും പറഞ്ഞു.
ബംഗ്ലാദേശ് പോലെയൊരു മുസ്ളീം രാജ്യത്ത പോയി ക്ഷേത്രദര്‍ശനം നടത്തുന്നത് തെരഞ്ഞെടുപ്പിനെ നേരിടുന്ന ബംഗാളിനെ ലക്ഷ്യമിട്ടാണ്. ബംഗാളി ഹിന്ദുക്കളുടെ അനേകം ബന്ധുക്കളാണ് ബംഗ്ലാദേശിലുള്ളതെന്നും പത്രം പറയുന്നു. ഹിന്ദുക്കളുടെ ആത്മീയ ഗുരുവായ ഹരിചന്ദ് ഠാക്കൂറിന്റെ ജന്മദേശം കൂടിയാണ് ഗോപാല്ഗഞ്ച. ഇവിടുത്തെ ഒരാകാണ്ഡി ക്ഷേത്രത്തിന് പുറമേ ഈശ്വരിപൂര്‍ ഗ്രാമത്തിലെ വിഖ്യാതമായ ജഷോരേശ്വരി ക്ഷേത്രത്തിലും മോഡി ദര്‍ശനം നടത്തിയിരുന്നു. 1971 യുദ്ധത്തിലെ രക്തസാക്ഷികളുടെ സ്മാരകമായ ജതിയോ സ്രിതി സൗധോയിലും സന്ദര്‍ശനം നടത്തിയിരുന്നു.
ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹത്തിന്റെ പ്രതിനിധികളായ മുക്തിജോധാ ഉള്‍പ്പെടെ വിവിധ സാമുദായിക നേതാക്കളെയും ബംഗ്ലാദേശിലെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെയും സന്ദര്‍ശിച്ചിരുന്നു. മോഡിയുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് അനേകം ഇസ്ലാമിക സംഘടനകളാണ് ബംഗഌദേശില്‍ പ്രതിഷേധം നടത്തുകയും ചെയ്തത്. മോഡിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തു.






