
ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശ്. കൊവിഡ് ലോക്ക്ഡൗണ്‍ ഉള്‍പ്പെടുന്ന കാലയളവില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉത്തര്‍പ്രദേശില്‍ രേഖപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പ്രചാരണത്തിന് ചിറകുകള് നല്‍കുന്നതിലും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ബാങ്കുകള്‍ പ്രധാന പങ്ക് വഹിക്കുന്നതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
റിപ്പോർട്ട് അനുസരിച്ച് നടപ്പു സാമ്പത്തിക വര്‍ഷത്തിലെ 2020 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബാങ്കുകള്‍ മുഖേനയുള്ള ഇടപാടുകളുടെ മൂല്യം 286 കോടി രൂപ കടന്നതായി അധികൃതര്‍ അറിയിച്ചു. എന്നാൽ, മുൻ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 151 കോടി രൂപ കൂടുതലാണ്. 112 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുകള്‍, മൊബീല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെയാണ് ഈ ഇടപാടുകള്‍ നടന്നത്. 2018 സാമ്പത്തിക വര്‍ഷത്തില്‍ 122.84 കോടി രൂപയുടെയും 2019 സാമ്പത്തിക വര്‍ഷത്തില്‍ 161.69 കോടി രൂപയുടെയും 2020 സാമ്പത്തിക വര്‍ഷത്തില്‍ 189.07 കോടി രൂപയുടെയും ഡിജിറ്റല്‍ ഇടപാടുകളാണ് നടന്നതെന്നാണ് റിപ്പോർട്ട്.






