
ഗുവാഹട്ടി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കുടുംബ പാരമ്പര്യം ഒരു പുതിയ കാര്യമല്ല. എന്നാല്‍ ആസ്സാമിലെ കോടീശ്വരന് ഗൗതം റോയിയുടെ കുടുംബ രാഷ്ട്രീയം കൗതുകകരമാണ്. ബാരാക് വാലിയിലെ വിവിധ മണ്ഡലങ്ങളില്‍ വിവിധ പാര്‍ട്ടി ടിക്കറ്റില്‍ കുടുംബത്തിലെ മൂന്ന് പേരാണ് മത്സരിക്കുന്നത്. മുന്‍ കോണ്‍ഗ്രസുകാരനായ 72 കാരന് റോയി ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ മകന് രാഹുല്‍ കോണ്‍ഗ്രസ് ടിക്കറ്റിലും മരുമകള്‍ ഡെയ്സി സ്വതന്ത്രയായും മത്സരിക്കുന്നു. മത്സരിക്കുന്നില്ലെങ്കിലും അമ്മയും മുത്തച്ഛനും പഴയ എംഎല്‍എ മാര്‍ കൂടിയാണ്.
സപ്തതി പൂര്‍ത്തിയാക്കിയ ഗൗതം റോയി നിലവില്‍ കാട്ലിചെരാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ യാണ്. എന്നാല്‍ ഏപ്രില്‍ 1 ന് നടക്കുന്ന ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഗൗതം റോയി കത്തിഗോറയിയാണ് ഭാഗ്യം പരീക്ഷിക്കുന്നത്. 1986 മുതല്‍ 2015 വരെ ആറു തവണ ഹെയ്ലാകാന്റിയിലെ എംഎല്‍എ ആയിരുന്നു. മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ രാഹുലും മത്സരിക്കുന്നുണ്ട്. 2006 മുതല്‍ അള്ഗാപുരിനെ അദ്ദേഹം പ്രതിനിധീകരിക്കുന്നു. മരുമകള്‍ ഡെയ്സി അള്ഗാപൂരിലെ ഉധര്ബോണ്ടില് നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് മത്സരിക്കുന്നത്.
റോയിയുടെ പിതാവ് സന്തോഷ്കുമാര്‍ റോയിയും 1972 മുതല്‍ 78 വരെ കാട്ലിചെരാ മണ്ഡലത്തിലെ ജനപ്രതിനിധിയായിരുന്നു. 136 കോടിയാണ് ഗൗതം റോയിയുടെ നിലവിലെ സമ്പത്ത്. അദ്ദേഹത്തിന്റെ സമ്പത്ത് തന്നെയാണ് നാലുദശകം നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ തുണയായതും. അതേസമയം അക്കാദമികമായി അത്ര മികവില്ലാത്ത റോയിയ്ക്കെതിരേ അനേകം വമ്പന്‍ അഴിമതി ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതേസമയം പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ നോക്കാതെ സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിക്കുന്നത് അദ്ദേഹത്തിന്റെ ഒരു നല്ല വശമായി എതിരാളികള്‍ പോലും ചൂണ്ടിക്കാട്ടുന്നു. പണക്കൊഴുപ്പ് കൊണ്ട് കഴിഞ്ഞ തവണയെല്ലാം ജയിച്ച ഗൗതം പാര്‍ട്ടിമാറിയിട്ടും ഇതുവരെ പരാജയപ്പെട്ടിട്ടില്ല.
ഏഴു തവണ പാര്ലമെന്റേറിയനായിരുന്ന സന്തോഷ് മോഹന്‍ ദേവാണ് റോയിയെ രാഷ്ട്രീയത്തിലേക്ക് അവതരിപ്പിച്ചത്. പിന്നീട് ദേവിന് ശേഷം ബാരകിലെ ഏറ്റവും അറിയപ്പെടുന്ന നേതാവായി റോയി മാറി. സാമൂഹ്യക്ഷേമം, പൊതുജനാരോഗ്യം തുടങ്ങിയ വകുപ്പുകളും കൈകാര്യം ചെയ്തിട്ടുണ്ട്. 2019 ല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് പുറത്താക്കിയപ്പോള്‍ ബിജെപിയില്‍ ചേര്‍ന്നു. തന്റെ രാഷ്ട്രീയ ജീവിതം കരുപ്പിടിച്ച ഹെയ്ലാകാന്റിയെ വിട്ട് ഇത്തവണ കച്ചാര്‍ ജില്ലയിലെ കാത്തിഹോറ മണ്ഡലം റോയി എടുക്കാന്‍ കാരണം ബിജെപിയുടെ നിര്‍ദേശമാണ്.
പാര്‍ട്ടിക്ക് പുറമേ വ്യക്തിപരമായും ഗൗതം റോയിയെ ജനങ്ങള്‍ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. പാര്‍ട്ടി നേതൃത്വത്തിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് റോയി കോണ്‍ഗ്രസ് വിട്ടതെന്നാണ് 22 വര്‍ഷം ഒപ്പമുണ്ടായിരുന്ന മസൂംദാര്‍ പറയുന്നത്. റോയിയെ പിന്തുടര്ന്നാണ് രാഹുലും ഡെയ്സിയും രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. റോയിയുടെ ഭാര്യ മഹീന്ദ്ര 2013 ല്‍ അള്ഗാപ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ചിരുന്നു.






