
കൊച്ചി : ഇരട്ടവോട്ടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്ത് വിട്ട പട്ടികയില്‍ പിശകുകളുടെ നീണ്ട നിര. പട്ടികയില്‍ ഇരട്ടസഹോദരങ്ങളെ കള്ളവോട്ടര്മാരാക്കിയതില് വ്യാപക പ്രതിഷേധം. നിരവധി ആളുകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയായിലൂടെ പ്രതികരിച്ചു കഴിഞ്ഞു. തങ്ങളെ കള്ള വോട്ടര്‍മാരാക്കിയ ചെന്നിത്തല നിയമനടപടി നേരിടുമെന്ന് ചിലര്‍ മുന്നറിയിപ്പ് നല്കി.
ഒറ്റപ്പാലം മണ്ഡലത്തിലെ 135-ാം നമ്പര്‍ ബൂത്തിലെ തോട്ടക്കര തേക്കിന്‍കാട്ട് വീട്ടിലെ ഇരട്ട സഹോദരങ്ങളായ അരുണും വരുണുമാണ് ഇരട്ടവോട്ടെന്ന് പേരില്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്. തങ്ങളെ കള്ളവോട്ടര്‍മാരാക്കി പട്ടികയില്‍ തെറ്റായി ഉള്‍പ്പെടുത്തിയതില്‍ പ്രതിപക്ഷ നേതാവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പിന്നീട് കണ്ടെത്തിയത് തൃശൂര്‍ ജില്ലയിലെ കയ്പമംഗലം നിയോജക മണ്ഡലത്തില്‍ അഭയ് ടി എസ് , അമല്‍ ടി എസ് എന്നീ ഇരട്ടകള്‍ക്കാണ് ഇരട്ടവോട്ടുണ്ടെന്ന ആരോപണം. കൂടാതെ ഒരേ ബൂത്തിലെ തൊട്ടടുത്ത ക്രമ നമ്പര്‍ വ്യത്യസ്ത പേരുകളിലോ രണ്ട് വോട്ടേഴ്സ് ഐഡികൡ വരുന്ന രണ്ട് വോട്ടുകള്‍ ഇരട്ടകളുടേതാണോ അത് ഇരട്ടവോട്ടുകളാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരാള്‍ പ്രതിപക്ഷ നേതാവായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും സോഷ്യല്‍ മീഡിയായിലൂടെ ചിലര്‍ പറഞ്ഞു.
ചെന്നിത്തലയുടെ കണക്കിലെ എണ്ണപിശകും സ്വകാര്യതലംഘനവും പലരും ചൂണ്ടികാണിക്കുന്നു.ഇരട്ടകളില്‍ രണ്ട് പേര്‍ക്കും വോട്ട് ഉണ്ടാകുന്നതാണോ ഇരട്ടവോട്ട് എന്ന് ചെന്നിത്തല കരുതുന്നത് എന്നും സോഷ്യല്‍ മീഡീയാ വഴി ചിലര്‍ ചോദിച്ചിട്ടുണ്ട്.






