
ചെന്നൈ: പിതാവിന്റെ പാത പിന്തുടര്ന്ന് രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കുന്ന നടനും രാഷ്ട്രീയക്കാരനുമായ ഉദയാനിധി സ്റ്റാലിനെതിരേ തമിഴ്നാട് ബിജെപി. പ്രധാനമന്ത്രിയെ അപമാനിച്ച് പ്രസ്താവന നടത്തിയെന്നാണ് ആക്ഷേപം. ചെപ്പോക്കില്‍ നിന്നും ഡിഎംകെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഉദയനിധി സ്റ്റാലിന്റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ബിജെപിയിലെ അനേകം നേതാക്കളെ പാര്ശ്വവല്ക്കരിച്ചാണ് മോഡി ഉയര്‍ന്നു വന്നതെന്നും മുതിര്‍ന്ന നേതാക്കളായ സുഷമാ സ്വരാജും അരുണ്‍ ജെയ്റ്റ്ലിയും മരണമടഞ്ഞത് നരേന്ദ്രമോഡിയുടെ മാനസീക പീഡനം മൂലമാണെന്നും പറഞ്ഞു.
ചെപ്പോക്കില്‍ ജനവിധി തേടുന്ന ഉദയാനിധി ധരപുരത്ത് ബുധനാഴ്ച തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് വിവാദ പരാമര്‍ശം നടത്തിയത്. എന്നിട്ടും വിടാതെ മോഡിയെ വീണ്ടും ഉദയാനിധി കടന്നാക്രമിച്ചു. ഭീഷണിപ്പെടുത്തിയാണ് മോഡി കാവിപ്പാര്‍ട്ടിയില്‍ ആളെ ചേര്‍ക്കുന്നതെന്നും പാര്‍ട്ടിയില്‍ ചേരാന്‍ സമ്മര്ദ്ദപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന് സൗരവ് ഗാംഗുലിയ്ക്ക് ഹൃദയാഘാതം വന്നതെന്നും പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജ്യത്തിന്റെ ഭരണാധിപനിലേക്കുള്ള യാത്രയില്‍ സുഷമാ സ്വാരാജിനെയും അരുണ്‍ ജയ്റ്റ്ലിയെയും പാര്ശ്വവല്ക്കരിച്ചു. രഥയാത്ര നടത്തിയ എല്‍കെ അദ്വാനിയെയും മുരളീമനോഹര്‍ ജോഷിയെയും ചവിട്ടി മെതിച്ചായിരുന്നു മോഡി കടന്നു പോയത്.
ബിജെപിയില്‍ മോഡിയുടെ പീഡനം താങ്ങാന്‍ കഴിയാതെയാണ് ബിജെപിയുടെ മുന്‍ നേതാക്കളില്‍ പെടുന്ന യശ്വന്ത് സിന്‍ഹ പോയി മമതാബാനര്‍ജിയുടെ ടിഎംസിയില്‍ ചേര്‍ന്നത്. ഇപ്പോള്‍ ഉപാദ്ധ്യന്‍ വെങ്കയ്യാനായിഡുവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. പ്രസ്താവന പെട്ടെന്ന് വിവാദത്തിലാകുകയും ബിജെപി തമിഴ്നാട് ഘടകത്തിന് പുറമേ സുഷമാസ്വരാജിന്റെ മകള്‍ ഉള്‍പ്പെടെയുള്ളവര്‍ നടനെതിരേ രംഗത്ത് വരികയും ചെയ്തു. നടനെ അയോഗ്യനാക്കണം എന്ന ആവശ്യവുമായി തമിഴ്നാട് ബിജെപി ഘടകം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതിയും നല്കി.
ബിജെപിയിലെ സമുന്നത നേതാക്കള്‍ക്കെതിരേ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി എന്നായിരുന്നു പരാതിയില്‍ പറഞ്ഞിട്ടുള്ളത്. വളരെ വിലകുറഞ്ഞ പ്രസ്താവന ആണെന്നും ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ നടനെതിരേ ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും തമിഴ്നാട് ബിജെപി പറഞ്ഞിരിക്കുകയാണ്. പ്രസ്താവനയ്ക്ക് പിന്നാലെ അരുണ്‍ ജെയ്റ്റ്ലിയുടേയും സുഷമാ സ്വരാജിന്റെയും പെണ്മക്കളും രംഗത്ത് വന്നു. മാതാവിന്റെ പേര് തെരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കാനായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് മകള്‍ ബാംസുരി സ്വരാജ് പറഞ്ഞു.
നടന്റെ പ്രസ്താവന അപ്പാടെ അബദ്ധമാണെന്നും വേണ്ട സമയത്തെല്ലാം ഒപ്പം നിന്നിട്ടുള്ളയാളാണ് പ്രധാനമന്ത്രിയെന്നും പ്രധാനമന്ത്രിയ്ക്കൊപ്പം തങ്ങളുടെ കുടുംബങ്ങള്‍ പാറ പോലെ ഉറച്ചു നില്‍ക്കുമെന്നും ഇവര്‍ ട്വീറ്റ് ചെയ്തു. അരുണ്‍ ജെയ്റ്റ്ലിയുടെ മകള്‍ സോണാലിയും പ്രസ്താവനയെ വിമര്‍ശിച്ച് രംഗത്ത വന്നിട്ടുണ്ട്. പിതാവും പ്രധാനമന്ത്രിയും തമ്മില്‍ രാഷ്ട്രീയത്തിന് അപ്പുറത്തും വ്യക്തിപരമായി ഏറെ പൊരുത്തം ഉള്ളവര്‍ ആയിരുന്നെന്നും ഇത്തരം ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതല്ലാതെ മറ്റൊന്നുമല്ലെന്നും അത്തരം ഒരു സൗഹൃദം തങ്ങളുടെ ഭാഗ്യമാണെന്നും പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനുള്ള മറുപടിയായിട്ടാണ് സ്റ്റാലിന് ഈ പ്രസ്താവനയും തൊടുത്തത്. വര്‍ഷങ്ങളായി ഡിഎംകെയ്ക്ക് ഒപ്പം നിന്ന നേതാക്കളെയെല്ലാം ചവിട്ടി മെതിച്ചാണ് ഉദയാനിധി യുവനേതാവും സ്ഥാനാര്‍ത്ഥി ആയതെന്നായിരുന്നു മോഡിയുടെ പരാമര്‍ശം.ഏപ്രില്‍ 6 നാണ് ചെപ്പോക്ക് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.






