
ഒരു വാക്കിന് എത്രരൂപ വിലയിടും? ആറുകോടിരൂപയെന്നാണ് ഇന്നലെവരെ മലയാളക്കര കണ്ട ഉത്തരം. മുപ്പത്തിയാറുകാരിയായ സ്മിജ എന്ന ലോട്ടറി വില്പനക്കാരിയാണ് ഒരു വാക്കിന് ഈ മോഹവില നിശ്ചയിച്ചത്. സ്മിജ വാക്കൊന്നു മാറ്റിപ്പറഞ്ഞിരുന്നെങ്കില്‍, മറിച്ചൊന്നു ചിന്തിച്ചിരുന്നെങ്കില്‍ അറുപത്തിമൂന്നുകാരനായ ചന്ദ്രന് ആറുകോടിയെന്നത് നഷ്ടസ്വപ്നമായിപ്പോകുമായിരുന്നു.
2021 മാര്‍ച്ച് 21 ന് ഉച്ചയ്ക്ക് 12.50 ന് കീഴ്മാട് സ്വദേശിയും ബോസ്കോ കമ്പനിയില്‍ ചെടിച്ചട്ടികളുടെ നിര്മാണജോലിക്കാരനുമായ ചന്ദ്രന്റെ ഫോണിലേക്കു സ്മിജയുടെ ഒരുവിളി വന്നു. ചേട്ടാ.. സമ്മര്‍ ബമ്പറിന്റെ 12 എണ്ണം ബാക്കിയുണ്ട്. ഒരെണ്ണം എടുക്കുവല്ലേ? ടിക്കറ്റുകള്‍ വില്ക്കാതെവരുമ്പോഴുള്ള പതിവുള്ള വിളിയായിരുന്നു അത്. കൊച്ചേ, നീ നമ്പറുകള്‍ പറഞ്ഞേ. രണ്ടു മൂന്നു ലോട്ടറികളുടെ നമ്പര്‍ പറഞ്ഞുകേട്ട കേട്ടശേഷം എസ്.ഡി. 316142 എന്ന നമ്പറില്‍ ചന്ദ്രനുറച്ചു. ലോട്ടറിയുടെ ഫോട്ടോയെടുത്ത് വാട്സാപ്പില്‍ അപ്പോള്‍ത്തന്നെ സ്മിജ അയച്ചുകൊടുക്കുകയും ചെയ്തു.
മൂന്നു മണിയായപ്പോള്‍ ചന്ദ്രന് പറഞ്ഞ നമ്പറിന് ഒന്നാം സ്ഥാനം. സമ്മാനമടിച്ചത് ആദ്യമറിഞ്ഞത് സ്മിജതന്നെ. ഉടന്‍ തന്നെ ചന്ദ്രനെ വിളിച്ചു പറഞ്ഞു. ചേട്ടന് പറഞ്ഞുവച്ച ലോട്ടറിക്കാണ് ആറുകോടി.
ഒരു തരിപ്പ് ചന്ദ്രന്റെ തലയിലൂടെ കയറിമേലോട്ടു പോയി. 'ലോട്ടറി എന്റെ കൈയില്‍ സേഫാണ്. ഉടനെ വീട്ടിലേക്കു വരാം.' വൈകിട്ട് ആറുകോടിയുടെ ബമ്പര്‍ ലോട്ടറിയുമായി സ്മിജയും ഭര്‍ത്താവും അച്ഛനും കീഴ്മാടുള്ള ചന്ദ്രന്റെ വീട്ടിലെത്തി. കൈമാറിക്കിട്ടിയ ഭാഗ്യത്തിലേക്ക് നോക്കിയപ്പോള്‍ ചന്ദ്രന്റെ കണ്ണുനനഞ്ഞു. മടങ്ങുമ്പോള്‍ ചന്ദ്രന് നല്കിയ പഴയ രണ്ടു നൂറിന്റെ നോട്ടുകള്‍ സ്മിജയുടെ കൈയിലെ വിയര്‍പ്പുതുള്ളിയില്‍ ചെറുതായി ഒന്നു നനഞ്ഞിരുന്നു. പിന്നില്‍ ആറുകോടിയുടെ ഭാഗ്യം കൈയില്‍ പിടിച്ച് ചന്ദ്രനും. കേവലം രണ്ടു മണിക്കൂറിനുള്ളില്‍ ഒരു കോടിപതി.
ആറുകോടിയേക്കാള്‍ വിലയുള്ള വിശ്വാസം
വേണമെങ്കില്‍ ആ ഭാഗ്യം സ്മിജയ്ക്ക് സ്വന്തം കൈയില്‍ വയ്ക്കാമായിരുന്നു. ജീവിതപ്രാരാബ്ധങ്ങള്‍ ആവോളമുണ്ടായിരുന്നു. ലോട്ടറിഭാഗ്യം ചന്ദ്രന് തിരിച്ചുനല്‍കാന്‍ അപാരമായ മനസാന്നിധ്യം പോലും വേണ്ടിയിരുന്നു. അമ്മയ്ക്ക് ക്യാന്‍സര്‍, വയസായ അച്ഛനും രോഗി, രണ്ടുമക്കളില്‍ ഒരാള്‍ രോഗി, ഭര്‍ത്താവിനും തനിക്കും നല്ല ജോലിയില്ല. ആകെ കൂട്ടിനുള്ളത് അഞ്ച് സെന്റ് ഭൂമിയും അതിലെ വീടും. പിന്നെ കഷ്ടപ്പാടുകളും. ആറുകോടികൊണ്ട് എന്തെല്ലാമാകാമായിരുന്നു. പക്ഷേ, ആറുകോടിരൂപ എന്നെ ഒരിക്കലും ഭ്രമിപ്പിച്ചില്ല. ലളിതമായി സ്മിജ പറയുന്നു.
എന്റെ ജോലിയാണ് ലോട്ടറി വില്പന. അദ്ദേഹം എടുത്ത ലോട്ടറിയാണത്. അത് എനിക്കവകാശപ്പെട്ടതായിരുന്നില്ല. പിന്നെ എന്തിന് ഞാനത് എടുക്കണം? എന്റെ ജോലി ഭംഗിയായി നിര്‍വഹിച്ചതില്‍ എനിക്കിപ്പോള്‍ അഭിമാനം തോന്നുന്നു. ഏറ്റവും വിനീതയായി ഞാന്‍ നില്ക്കുന്നു. ആരുടെയും അഞ്ചുപൈസപോലും വേണ്ട. ആര്‍ക്കും കൊടുക്കാനുമില്ല. അതുകൊണ്ട് എന്നും ഈ സമൂഹത്തില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്ക്കാന് എനിക്കു കഴിയും.
ആ കൊച്ചിനെ എനിക്ക് വിശ്വാസം
സ്മിജ ലോട്ടറി തന്നില്ലായിരുന്നെങ്കില്‍ ചന്ദ്രന് ഒന്നും ചെയ്യാനില്ലായിരുന്നു. പൈസപോലും കൊടുക്കാതെ പറഞ്ഞുവച്ച ലോട്ടറി. വെറുമൊരു വാക്കിന്റെ ഉറപ്പ് മാത്രം.
12 വര്‍ഷമായി ഈ കൊച്ചില്‍ നിന്ന് ഞാന്‍ ലോട്ടറി വാങ്ങുന്നുണ്ട്. ചിലപ്പോള്‍ നേരിട്ട് എടുക്കും. അല്ലെങ്കില്‍ അവള് കൊണ്ടുവന്നു തരും. പുറത്താരും അറിയാത്ത ഒരു വാക്ക് മാറ്റിപ്പറഞ്ഞാല്‍ അവള്‍ക്ക് കോടികള്‍ കിട്ടുമായിരുന്നു. ആരുമറിയില്ലായിരുന്നു. പക്ഷേ, ആ കൊച്ചിനെ എനിക്കു വിശ്വാസമായിരുന്നു. രണ്ടു പെണ്മക്കള് കെട്ടുപ്രായം കഴിഞ്ഞു നില്ക്കുന്നു. അവരെ കെട്ടിച്ചുവിടണം. നല്ലൊരു വീടുമില്ല.
ചെടിച്ചട്ടി നിര്‍മാണക്കമ്പനിയിലെ തൊഴില്‍ നിര്‍ത്തുകയില്ല. കോടിപതിയൊക്കെ വേറെ കാര്യം- ചന്ദ്രന് പറയുന്നു. അവള് വേണ്ടെന്നു പറയുന്നിടത്തു നിന്നാണ് ചന്ദ്രന് ജീവിതപ്പച്ച സ്വപ്നം കണ്ടു തുടങ്ങിയത്. സ്മിജയുടെ ജീവിതകഥ ചന്ദ്രനറിയാം. വരട്ടെ, ആ കൊച്ചിനെയൂം സഹായിക്കണം.-ചന്ദ്രന് പറഞ്ഞവസാനിപ്പിച്ചു.
വേണ്ടെന്നു പറഞ്ഞപ്പോള്‍ വന്ന സൗഭാഗ്യം
കോടികള്‍ വേണ്ടെന്നു വച്ചപ്പോഴാണ് സ്മിജയുടെ ജീവിതം മാറിമറിഞ്ഞത്. സമൂഹ മാധ്യമങ്ങളിലും പത്രദൃശ്യമാധ്യമങ്ങളില്‍ അവളെ പുകഴ്ത്തിയുള്ള നല്ല വാക്കുകള്‍ മാത്രം. നന്മയുള്ള മനസ്, ആറുകോടിയേക്കാള്‍ വിലയുള്ള മനസ്. പലര്‍ക്കും ഇതങ്ങോട്ട് വിശ്വസിക്കാന്‍ തന്നെ പ്രയാസം. ഇക്കാലത്ത് ഇങ്ങനെയുമാളുകളുണ്ടോ. എന്നെല്ലാമായിരുന്നു സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച. വാക്കുപറഞ്ഞാല്‍ വാക്കായിരിക്കണം. അതില്‍ തെല്ലും വീഴ്ചയില്ല.
കണക്കില്‍ ബിരുദാനന്തര ബിരുദമെടുത്തു. പട്ടാളത്തില്‍ ചേരണമെന്നായിരുന്നു ചെറുപ്പത്തിലേ ആഗ്രഹം. അല്ലെങ്കില്‍ ഒരു പട്ടാളക്കാരനെ വിവാഹം കഴിക്കണമെന്നും. രണ്ടും നടന്നില്ല. കാക്കനാട്ട് സര്‍ക്കാര്‍ ലോട്ടറി പ്രിന്റിങ് പ്രസില്‍ പായ്ക്കിങിലാണ് സ്മിജ ജോലി നോക്കിയിരുന്നത്. അതിനൊപ്പം സൈഡായിട്ടാണ് ലോട്ടറി വില്പന ആരംഭിച്ചത്. ജോലി നഷ്ടമായപ്പോഴാണ് ഫുള്‍ടൈം ലോട്ടറി കച്ചവടത്തിലേക്ക് തിരിഞ്ഞത്. വില്‍ക്കാതെ വന്ന ലോട്ടറികള്‍ക്ക് ഇടയ്ക്കിടെ സമ്മാനം അടിച്ചത് പ്രോത്സാഹനമായി.
2011 മുതല്‍ ആലുവ രാജഗിരി ആശുപത്രിക്ക് മുന്നിലാണ് കച്ചവടം.
ഇപ്പോള്‍ വൈറലായതുകൊണ്ട് ആകെ പുലിവാലായി. എന്റെ അമ്മയ്ക്ക് ക്യാന്‍സര്‍. അച്ഛന് 72 വയസായി. രണ്ടു കുട്ടികളുണ്ട്. ഇന്നെനിക്ക് എന്റെ വീട്ടില്‍ ചോറുവയ്ക്കാന്‍ പോലും സമയം കിട്ടാറില്ല. പെട്ടെന്ന് ജീവിതം മാറിമറിഞ്ഞു. ദിവസേന വരുന്ന ഫോണ്‍കോളുകള്‍ തന്നെ എടുക്കാന്‍ തന്നെ പറ്റുന്നില്ല. സഹായം ചോദിച്ചുള്ള വിളികളാണേറെയും. കുറേപ്പേര് കാണാന്‍ വരുന്നു. ചിലര്‍ ഉദ്ഘാടനത്തിന് ക്ഷണിക്കുന്നു.
ലോട്ടറി അടിച്ചത് എനിക്കാണെന്നാണ് വരുന്നവര്‍ കരുതുന്നത്. വീട് വച്ചുതരാന്‍ ആവശ്യപ്പെട്ട് വരുന്നുണ്ട്. ഒരു ചില്ലിക്കാശ് പോലും ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു. അപ്പോഴും പലരേയും സഹായിച്ചിട്ടുണ്ട്. ദൈവവിശ്വാസിയും ദൈവഭയവുമുള്ളയാളുമാണ് ഞാന്‍. അതുകൊണ്ട് അര്‍ഹരായവരെ സഹായിക്കുക തന്നെ ചെയ്യും. ഞാന്‍ പണിയെടുത്തു കിട്ടുന്നതിന്റെ ഒരു പങ്ക് സമൂഹത്തിലെ അര്‍ഹര്‍ക്ക് നല്‍കിയിട്ടുണ്ട്. കണ്ണുതുറന്നും കാതോര്‍ത്തുമാണ് ഞാന്‍ നടക്കുന്നത്.
നിസഹായതയുടെ ശബ്ദം തിരിച്ചറിയാന്‍ എനിക്കു സാധിക്കും. അവരെ സഹായിക്കും. അന്തസായിട്ടാണ് ലോട്ടറി കച്ചവടം നടത്തുന്നത്. സമ്മാനമടിച്ചാല്‍ പോലും കമ്മിഷന് ഞാന്‍ വാങ്ങാറില്ല. കൊറോണ സമയത്തും മറ്റും സഹായിച്ചവരുണ്ട്. ഷിബു, ജോസഫേട്ടന്, സജി, എന്നിവര്‍ ബാക്കി വരുന്ന ലോട്ടറികള്‍ എടുത്തു സഹായിച്ചിട്ടുണ്ട്.
പ്രവൃത്തികള്‍ കൃത്യതയോടും വൃത്തിയോടും ചെയ്യണമെന്നയാളാണ് ഞാന്‍. നല്ല ജോലി കിട്ടിയാല്‍ പോകണം. പി.എസ്.സിക്ക് എഴുത്തുപരീക്ഷയില്‍ ജയിച്ചിട്ടും ശാരീരികക്ഷമതാ പരീക്ഷയില്‍ പരാജയപ്പെട്ടതുകൊണ്ട് ജോലി കിട്ടിയിട്ടില്ല.
ആലുവയ്ക്കടുത്ത് കീഴ്മാട് സദേശിയായിരുന്നു.
വിവാഹശേഷം പട്ടിമറ്റത്താണ് കുടുംബത്തോടൊപ്പം താമസം.
മലയാളിക്ക് വാക്കുറപ്പിന്റെ അടയാളമാണിന്ന് സ്മിജ. ഈ മോശം കാലത്തും നന്മയുടെ വ്യത്യസ്തമായ ഒരു അടയാളപ്പെടുത്തല്‍ കൊണ്ട് അവള് നമ്മുടെ ഹൃദയങ്ങളില്‍ ഇടം നേടുന്നു.
ബൈജു ഭാസി
ഫോട്ടോ: പി. ആര്. രാജേഷ്