ഒരു കവിയുടെ കാലശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ട് അസാധാരണമായ ഒരു ദുരന്തം സംഭവിക്കുന്നതായി വെറുതേ സങ്കല്പിച്ചുനോക്കൂ. കണ്ണൂര്‍ ദീപിക നടത്തിയ ഒരു സെമിനാറില്‍ ഭാഷാപിതാവായ സാക്ഷാല്‍ തുഞ്ചത്തു രാമാനുജനെഴുത്തച്ഛന്‍ ജീവിച്ചിരുന്നിട്ടേയില്ലെന്ന് ഒരു യുവ കഥാകൃത്ത് പ്രഖ്യാപിച്ചു. സാമാന്യം മോശമല്ലാത്ത കഥകളെഴുതുന്ന വിനോയ് തോമസാണ് ഈ കടുംകൈ പ്രയോഗം നടത്തിയത്. മലയാള ഭാഷയുടെ സ്രഷ്ടാക്കള്‍ ക്രിസ്ത്യന്‍ മിഷനറിമാരാണെന്നുകൂടി സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ തര്‍ക്കം മറ്റൊരു തലത്തിലേക്ക് കടന്നുകയറി. എഴുത്തച്ഛന് ജീവിച്ചിരുന്നതിനു തെളിവായി അദ്ദേഹം എഴുതിയ ഓല കാണിക്കാമോ എന്നാണ് ചോദ്യം. ഗുണ്ടര്‍ട്ട്, ബെയ്ലി തുടങ്ങിയവരാണ് ചെറുകഥയുടെ മലയാളത്തിലെ ഉപജ്ഞാതാക്കള്‍. കേരളം ഏകീകരിക്കപ്പെടുന്നതിനു കാരണം മലബാറിലേക്കുള്ള കുടിയേറ്റമാണെന്നും റബറാണ് വിദ്യാഭ്യാസ നേട്ടങ്ങള്‍ ഉണ്ടാക്കിയതെന്നും കപ്പയാണ് പട്ടിണി മാറ്റിയതെന്നുംകൂടി അനുബന്ധമായി പറയുന്നുണ്ട്. എഴുത്തച്ഛന് ജീവിച്ചിരുന്നില്ല എന്നതിനുള്ള അതേ ന്യായം, ഉന്നയിച്ച് വാല്മീകി, കാളിദാസന്, വ്യാസന് തുടങ്ങിയവരെയും നമുക്ക് നിഷ്കാസനം ചെയ്യാനാവും. മിഷണറി മലയാളമാണ് മലയാളം എന്ന വാദത്തിലും ദൗര്‍ബല്യങ്ങളുണ്ട്. വാര്‍ത്തകളില്‍ കയറിപ്പറ്റാനുള്ള താല്‍ക്കാലിക മോഹത്തില്‍നിന്നു പൊട്ടിവിരിയുന്ന ഇത്തരം വൈകാരിക പ്രതികരണങ്ങള്‍ താല്ക്കാലികമായ ചില ആശയക്കുഴപ്പങ്ങള്‍ക്ക് ഇടം നല്‍കും. (ദീപിക).
ചിരിയും ചിന്തയും
കറുത്തകോട്ടില്‍
മുന്‍ ഗോവ ഗവര്‍ണറും അഭിഭാഷക പ്രമുഖനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ 255-ാമത്തെ പുസ്തകമാണ് 'ചിരിയും ചിന്തയും കറുത്ത കോട്ടില്‍'. സാധാരണക്കാര്‍ക്കും കക്ഷികള്‍ക്കും പോലും കോടതിക്കകത്തെ നടപടിക്രമങ്ങള്‍ സുഗമ്യമല്ല. കക്ഷിയോട് കൂറും നീതിയോട് ചായ്വും പുലര്‍ത്തുന്ന അരനൂറ്റാണ്ടത്തെ അനുഭവ മികവുള്ള ഒരു മികച്ച അഭിഭാഷകന്റെ കോടതി ഫലിതങ്ങളും ചിന്തകളുമാണ് ഈ കൃതിയെ വേറിട്ട വായനാനുഭവമാക്കുന്നത്. സാത്വികമായ നര്‍മ്മവും (ഒരിടത്തും അത് പരിഹാസമായി വഴുതിപ്പോകുന്നില്ല) നീതിയോടുള്ള പ്രതിബദ്ധതയും ഈ കൃതിയിലെമ്പാടും പൂത്തുലയുന്നതായി അനുഭവപ്പെടും. അഭിഭാഷക വിദ്യാര്‍ഥികള്‍ക്ക് മാര്ഗദര്ശകമാകാവുന്ന ഈ കൃതി കേരളത്തിലെ കോടതികളും അഭിഭാഷകരും പിന്നിട്ട നാള്‍വഴികള്‍കൂടി ഉന്മീലനം ചെയ്യുന്നു. സി. രാധാകൃഷ്ണന്, അടൂര്‍ ഗോപാലകൃഷ്ണന്, സുപ്രീംകോടതി റിട്ട. ജസ്റ്റിസ് സിറിയക് ജോസഫ്, ഹൈക്കോടതി ജഡ്ജി എസ്. മനു, ഗ്രന്ഥകാരനായ പി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ക്കൊപ്പം ഈ കൃതിയുടെ പ്രകാശനവേളയില്‍ സംസാരിക്കാന്‍ കിട്ടിയ അവസരം ഹൃദ്യമായി. കേരളത്തിന്റെ സാംസ്കാരിക പരിച്ഛേദമായ സഹൃദയ സദസും ശ്രദ്ധേയമായി. (ഡി.സി. ബുക്സ്. 299 രൂപ).
പഠനം
പഠനം എന്നത് സ്വയം തിരുത്തല്കൂടിയാണ്. അതിനാലാണ് പലരും നീണ്ടനാള്‍ പഠിക്കാന്‍ ഉദ്യുക്തരാവാത്തത്. സ്വയം തിരുത്താനുള്ള വിനയം ഇല്ലാത്തതിനാല്‍ ജഗന്നിയന്താവിനെ ഗുരുവായി സങ്കല്പിക്കുമ്പോഴാണ് ഒരു ജീവിതാന്ത്യംവരെ വിദ്യാര്‍ഥിയാകുന്നത്. (ആഷാമേനോന്-ഛന്ദസുകള്‍).
'തായമ്പക'യല്ല 'പക'
താളമേളങ്ങളുടെ മാറ്റുരച്ച് ശീലിച്ച ഒരാള്‍ ഭാഷയുടെ നവീനമായ താളപ്പെരുക്കങ്ങള്കൊണ്ട് നോവലിന്റെ വിസ്മയ ഗോപുരങ്ങള്‍ ഉയര്‍ത്തിയ ഒരാളുമായി സംവദിക്കുന്നു. അപൂര്‍വമായ ആശയഗരിമകൊണ്ടും ഔചിത്യഭാസുരതകൊണ്ടും ഈ സംഭാഷണം ശ്രദ്ധേയമായി. സി. രാധാകൃഷ്ണന്റെ കാലം കാത്തുവയ്ക്കുന്നത് എന്ന നോവലിന്റെ പ്രവചനാത്മകതയാണ് വിഷയം. യുദ്ധം നിര്‍മ്മിതബുദ്ധി ഏറ്റെടുക്കുകയും ആയുധങ്ങള്‍ ബഹിരാകാശത്ത് കത്തിത്തീരുകയും ചെയ്യുന്ന കാലാന്തരം. യുദ്ധം കളിക്കുന്നവര്‍ ആരും ജയിക്കുന്നില്ല; തോല്ക്കുന്നുമില്ല! മനുഷ്യകുലം ദുരിതത്തിലേക്കു നീങ്ങുന്നു. മാനസികരോഗാതുരമായ ഭരണാധികാരികളുടെ ശിക്ഷാര്‍ഹമായ മഹാപരാധത്തെക്കുറിച്ച് സി. രാധാകൃഷ്ണന് ഡോ. എന്‍.പി. വിജയകൃഷ്ണനോട്. (മാതൃ. വാരാന്ത്യം. ഏപ്രില്‍ 19).
'സാഹിത്യ സമാജ'വും
'മൈക്കും'
വൈദ്യുതിയും റേഡിയോയും യാത്രാസൗകര്യങ്ങളും കടന്നുവരുന്നതിനു മുമ്പുള്ള ഗ്രാമീണ ജീവിതത്തില്‍ മൈക്കും പെട്ടിപ്പാട്ടും (ഗ്രാമഫോണ്‍) പെട്രോമാക്സുമൊക്കെ വിസ്മയങ്ങളായിരുന്നു. തന്റെ പ്രഭാഷണ ജീവിതത്തിന്റെ പുലര്കാലവേളകളെക്കുറിച്ച് എം.എന്‍. കാരശേരി ഹൃദ്യമായി പറയുന്നു. ഞാനപ്പോള്‍ പായിപ്ര ഗവ. യു.പി.എസില്‍. അക്കാലത്തെ പ്രിയപ്പെട്ട അനുഭവം സാഹിത്യ സമാജം മീറ്റിങ്ങുകളായിരുന്നു. വെള്ളിയാഴ്ച അവസാന പീരിയഡിലെ ക്ലാസ് മീറ്റിങ് ആവേശമാണ്. എഴുതി വായിക്കുന്നതും മനഃപാഠമാക്കുന്നതുമായ പ്രസംഗങ്ങള്‍, പാട്ട്, തമാശ് (മിമിക്രിയുടെ പ്രാകൃത രൂപം) എന്നിവ രസകരമായ അനുഭവങ്ങളും പരിശീലനക്കളരികളുമായിരുന്നു. അധ്യക്ഷനും കുട്ടികള്‍തന്നെ. മാസത്തില്‍ ഒരിക്കല്‍ വിപുലമായ ഹാള്മീറ്റിങ്ങുകളുണ്ടാവും. സ്കൂള്‍ വാര്ഷികത്തിനേ മൈക്കുണ്ടാവൂ. അന്നത്തെ വേദികള്‍ പ്രസംഗ പരിശീലനക്കളരിയായിരുന്നു. മൈക്കില്‍ പ്രസംഗിക്കാന്‍ സ്കൂള്‍ പഠനകാലത്ത് അവസരം കിട്ടിയിരുന്നില്ല. (മാതൃ. വാരാന്ത്യം. ഏപ്രില്‍ 19).
വിജയന്റെ പൂര്‍വാശ്രമം
ഒ.വി. വിജയന് സാഹിത്യത്തില്‍ സജീവമാകുംമുമ്പ് വിദ്യാര്‍ഥി ജീവിതകാലത്ത് എഴുതിയിരുന്നതിനെ ചികഞ്ഞെടുക്കുകയാണ് ഇ.കെ. പ്രേംകുമാര്‍. മദ്രാസ് പ്രസിഡന്‍സി കോളജില്‍ ഇംഗ്ലീഷ് എം.എക്ക് പഠിക്കുമ്പോള്‍ മാര്‍ക്കസ് എന്ന തൂലികാനാമത്തില്‍ ജയകേരളത്തിലും മറ്റും എഴുതിയിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം മലയാള നാടിലെഴുതിയ 'ഇന്ദ്രപ്രസ്ഥം' എന്ന രാഷ്ട്രീയ പംക്തിക്ക് കാല്‍നൂറ്റാണ്ടു മുമ്പേതന്നെ മദ്രാസ് കാലത്ത് 'അവര്‍ നമ്മെ പരിഹസിക്കുന്നു' തുടങ്ങിയ രചനകള്‍ വിജയന് എഴുതിയിരുന്നു. എന്നാല്‍ കാലമേറെക്കഴിയുംമുമ്പുതന്നെ വിജയന് കമ്യൂണിസത്തില്‍നിന്ന് അകന്നുതുടങ്ങി. (മനോ. ഞായറാഴ്ച. ഏപ്രില്‍ 19).
ശ്രീഭഗവതി വിഷുപ്പതിപ്പ്
രണ്ടു പതിറ്റാണ്ടിലേറെയായി വായ്ക്കരക്കാവിലെ ആര്‍ഷവിദ്യാപീഠം പ്രസിദ്ധീകരിച്ചുവരുന്ന ശ്രീഭഗവതി അര്ദ്ധവാര്ഷികപ്പതിപ്പുകള് ശ്രദ്ധേയമാണ്. കൊടിയവേല്ച്ചിതച്ചൂടില്നിന്നു തീക്കനലു തിന്നുമ്പോഴും കാത്തുവയ്ക്കാന്‍ കഴിവതെങ്ങനെ നല്ക്കണിക്കൊന്നകള്ക്കരിയ പൊന്നൊളിപ്പൂക്കളെന്നുള്ളൊരി പഴയ ചോദ്യത്തിനുത്തരമാകണോ മനസില്‍ മേടങ്ങളേ എന്ന പ്രഭാവര്‍മ്മയുടെ വിഷുക്കണിയോടൊപ്പം മഹാകവി അക്കിത്തം, ഡോ. ലീലാവതി, ഡോ. ജി. മാധവന്‍നായര്‍, മുന്‍ കേരളാ ചീഫ് സെക്രട്ടറി ജോയ് വാഴയില്‍, ആര്.കെ. ദാമോദരന്‍ തുടങ്ങിയവരുടെ മികച്ച വിഭവങ്ങളാലും സമ്പന്നമാണീ വിഷുപ്പതിപ്പ്(ആര്‍ഷ വിദ്യാപീഠം.).
വേറിട്ടൊരു രുചിക്കൂട്ട്
'മറ്റു കൊന്നകളൊക്കെ പൂവിട്ടു തകര്‍ക്കുമ്പോള്‍ മറ്റു വൃക്ഷങ്ങള്‍പോലും കൊന്നയായ് നടിക്കുമ്പോള്‍' പൂവിടാന്‍ മറന്നുപോയ കൊന്നയെക്കുറിച്ച് മോഹനകൃഷ്ണന് കാലടി ഉത്കണ്ഠപ്പെടുന്നു. എന്തുപറ്റി ഇക്കുറി വിഷുവിന് (കലണ്ടറില്‍ രണ്ടു ദിവസം) കൊന്നയ്ക്ക്? പുതിയ കാലത്തിന് എന്നൊക്കെ വ്യാകുലപ്പെടുന്ന കവിത. നിഷ നാരായണന്റെ ഈ സമയവും ആ സമയവും രണ്ടു കവിതയാണെന്ന് പറയാനാവില്ല. ഓടുന്ന സമയത്തിന്റെ ഒടിഞ്ഞ കാലില്‍ തൂങ്ങുകയും സമയം ഇടത്തെക്കാല് കുടയുമ്പോള്‍ പട്ടം പൊട്ടിയടരുകയും ചെയ്യുന്നു. ഗംഗാതീരത്തെ വൃദ്ധന് ആയുസിന്റെ വിരലില്‍ സമയം രചിക്കുന്നു. ദേഹം വിട്ടുപറക്കുന്ന ആത്മാവാണ് പട്ടമെന്ന് യോഗീശ്വരന്. സ്വപ്നത്തില്‍നിന്ന് അതിയാഥാര്‍ത്ഥ്യത്തിലേക്ക് പറക്കുന്ന കാവ്യാനുഭവം. ആനുകാലിക കവിതയുടെ സ്ഥിരം സ്വരസ്ഥായില്നിന്നും വേറിട്ടൊരു രുചിക്കൂട്ട് ഈ രണ്ടുപേരിലും കാണാം. (മാതൃ. ആഴ്ച. ഏപ്രില്‍ 26).
'കുലംകുത്തി'വന്ന വഴി
ഒരു മതത്തില്‍നിന്നോ വിശ്വാസത്തില്‍നിന്നോ മാറിപ്പോകുന്നവരെ '"നുനുദ്ദനു' എന്നു പറയും. സ്പാനിഷില്‍ '"നുനുദ്ദന്റനു്ര'. വര്ഗവഞ്ചകന് എന്നര്‍ഥം. കുലംകുത്തി എന്നത് നാടന്‍ പ്രയോഗം. കമ്യൂണിസ്റ്റുപാര്ട്ടിയില്നിന്നു പുറത്തുപോകുന്നവര്‍ക്ക് നല്കുന്ന ബിരുദമാണിത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരാള്‍ക്ക് അയാളുടെ ചരിത്രമില്ല, ആത്മകഥയില്ല, ഉള്ളത് പാര്‍ട്ടിയുടേത് മാത്രം. പാര്‍ട്ടിക്ക് പുറത്തായാല്‍ അതും അവസാനിക്കും. വര്ഗശത്രുവിനോടുള്ള ഔദാര്യം പോലും കുലംകുത്തിയോടുണ്ടാവില്ല. പാര്‍ട്ടിയുടെ ആദ്യ കുലംകുത്തി ബോള്‍ഷെവിക്കുകളുടെ അപ്രീതിക്കിരയായി കുലംകുത്തിയായി സ്റ്റാലിന്റെ മഴുവിന്നിരയായ ട്രോട്സ്ക്കി. (പാഠഭേദം-ഏപ്രില്‍).
സദാചാരങ്ങള്ക്കപ്പുറത്തെ ജീവിതം
ശരിതെറ്റുകളുടെയും സദാചാരത്തിന്റെയും അളവുകോലുകള്‍ക്ക് വഴങ്ങാത്ത കഥാപാത്രങ്ങളെ സിനിമയില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ച സംവിധായകന് ശ്യാമപ്രസാദ് വി. പ്രവീണയുമായി സംസാരിക്കുന്നു. മനുഷ്യരുടെ പ്രയാസങ്ങളെ അരികില്‍നിന്നു കാണാന്‍ ശ്രമിച്ചാല്‍ കറുപ്പിനും വെളുപ്പിനുമിടയില്‍ അനന്തമായ വര്‍ണലോകം കാണാനാവും. ബ്ലാക്ക് ആന്‍ഡ് വൈറ്റായി മാത്രം കാര്യങ്ങളെ കാണേണ്ടതില്ലെന്നും ലോക സാഹിത്യത്തിലേക്കും സിനിമകളിലേക്കുമുള്ള യാത്രകളിലൂടെ വളരെ നേരത്തേതന്നെ താന്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും ശ്യാമപ്രസാദ്.
ചിത്രാക്ഷരങ്ങള്‍
ഒരു പ്രസിദ്ധീകരണത്തിന്റെ പേരിലെന്നപോലെ അതിന്റെ രൂപശില്പത്തിന്റെ സൗന്ദര്യത്തിനും പ്രസക്തിയുണ്ട്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മാസ്റ്റ് ഹെഡ് രൂപകല്‍പ്പന ചെയ്ത ആര്‍ട്ടിസ്റ്റ് ഗോപാലനെക്കുറിച്ച് കഥക്കൂട്ടില്‍ തോമസ് ജേക്കബ്. മനോരമയ്ക്കും ദീപികയ്ക്കും മാസ്റ്റ് ഹെഡ് വരച്ചത് വൈദികരാണ്. മാതൃഭൂമിയുടെ ഇന്നു കാണുന്ന അക്ഷരസൗന്ദര്യം എം.വി. ദേവന്റേതാണ്. ചിത്രഭൂമിയുടേത് ആര്‍ട്ടിസ്റ്റ് ജെ.ആര്. പ്രസാദ്. 'വനിത'യുടേത് മാസ്റ്റ് ഹെഡ് ഡിസൈനര്‍ സോമരാജിന്റേത്.
സര്‍വകലാശാലകള്‍
ആസന്ന മരണങ്ങളായ ആശയങ്ങള്‍ക്ക് കിടന്നു ചാവാനുള്ള ആശുപത്രികളാണ് സര്‍വകലാശാലകള്‍'-കേസരി ബാലകൃഷ്ണപിള്ള. കേസരിയുടെ ദീര്‍ഘവീക്ഷണവും പ്രവചനാത്മകതയുമെത്രയെന്നറിയാന് ഇന്നത്തെ കേരളത്തിലെ സര്‍വകലാശാലകളെ നിരീക്ഷിച്ചാല്‍ മതി. പ്രത്യേകിച്ചും സംസ്കൃത-മലയാള- കാര്‍ഷിക സര്‍വകലാശാലകള്‍!



