ഉത്തര മലബാറിന്റെ തനതായ തെയ്യം കലാരൂപത്തെ അതിന്റെ പൂര്‍ണമായ ആചാരശുദ്ധിയോടെയും ഗാംഭീര്യത്തോടെയും നിലനിര്‍ത്തുന്നതില്‍ ശ്രദ്ധേയനാവുകയാണ് വെങ്ങര സ്വദേശിയായ അനീഷ് പെരുവണ്ണാന്. തെയ്യത്തിന്റെ പാരമ്പര്യ അനുഷ്ഠാന ശൈലി ഒട്ടും ചോരാതെ പിന്തുടരുന്ന ഇദ്ദേഹം, തെയ്യപ്രേമികള്ക്കിടയില് ഇതിനോടകം തന്റേതായ ഒരിടം കണ്ടെത്തിക്കഴിഞ്ഞു. മാതമംഗലം കുട്ടൂരിലെ കണ്ണന് കുട്ടൂരാന്റെയും വെങ്ങരയിലെ ചേയിക്കുട്ടിയമ്മയുടെയും മകനായ അനീഷ്, കുട്ടിക്കാലത്ത് വേടന് തെയ്യം കെട്ടിക്കൊണ്ടാണ് ഈ രംഗത്തേക്ക് ചുവടുച്ചെത്. ലൈറ്റ് ആന്‍ഡ് സൗണ്ട് ബിസിനസില്‍ തുടങ്ങിയെങ്കിലും, കാലം ഇദ്ദേഹത്തിന് കാത്തുച്ചെത് തെയ്യത്തിന്റെ ലോകമായിരുന്നു.
പിതാവായിരുന്നു അനീഷിന്റെ ആദ്യഗുരു. തന്റെ ബന്ധു കൂടിയായ നാരായണ പെരുവണ്ണാനെ അടുത്ത ഗുരുവായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ തെയ്യത്തെക്കുറിച്ച് അഗാധമായ പഠനം നടത്താനും ആ വിദ്യ യഥാവിധി പ്രയോഗത്തില്‍ വരുത്താനും കഴിഞ്ഞു. തുടര്‍ന്ന് തെയ്യലോകത്തെ ആദരണീയനായ ഗുരുനാഥന് അതിയടത്തോര് എന്നറിയപ്പെടുന്ന അതിയടം കുഞ്ഞിരാമന് പെരുവണ്ണാനെ (അപ്പിച്ചി പെരുവണ്ണാന്) ഗുരുവായി സ്വീകരിച്ചു. ഗുരുവില്‍ നിന്നും തെയ്യത്തെ കുറിച്ച് അഗാധമായ പഠനം നടത്തുകയും ഈ വിദ്യ യഥാവിധി അഭ്യസിക്കുകയും ചെയ്തു. സ്വന്തം സമുദായത്തിലെ വൈവിധ്യമാര്‍ന്ന കോലങ്ങള്‍ അനീഷ് കെട്ടിയാടി. പുതിയ ഭഗവതി, വീരന്, വീരാളി, കക്കര ഭഗവതി, നരമ്പില്‍ ഭഗവതി, തൊണ്ടച്ചന്, കുടിവീരന്‍, ഗുരുക്കള്‍, മാമ്പള്ളി ഭഗവതി, വലിയതമ്പുരാട്ടികള്, കണ്ടനാര്‍ കേളന്, അന്തിത്തിറ, തിരുവപ്പന, ശ്രീ മുത്തപ്പന് വെള്ളാട്ടം, കന്നിക്കൊരുമകന്‍ എന്നിവയാണ് ആദ്ദേഹത്തിന്റെ പ്രധാന തെയ്യകോലങ്ങള്‍. കൂടാതെ മലയവിഭാഗക്കാര് കെട്ടിയാടുന്ന ഗുളികന്, പെരിയാട്ട് ചാമുണ്ഡി തുടങ്ങിയ തെയ്യങ്ങളും അനീഷിന്റെ കൈകളില്‍ ഭദ്രമാണ്.
മാടായി, വെങ്ങര മുച്ചിലോട്ട് കാവുകളില്‍ സര്‍വ്വൈശ്വര്യ വരദായിനിയായ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി അണിയാന്‍ ഇദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു. കൂടാതെ വണ്ണാന്‍ സമുദായത്തിലെ കണ്ണങ്കാട്ട് ഭഗവതി, കുറ്റൂര്‍ മൈലൈഞ്ചേരി കാവില്‍ വച്ച് മൈലൈഞ്ചേരി ഭഗവതിയെ അദ്ദേഹം കെട്ടി. ആ സമുദായത്തിലെ തന്നെ പ്രശസ്തവും പ്രധാനപ്പെട്ടതുമായ പെണ്കോലങ്ങളും അദ്ദേഹം കെട്ടിയാടി. കതിവന്നൂര്‍ വീരന് തെയ്യം കെട്ടിയാടിയതിലൂടെ വയലപ്ര അണിക്കരയില് വച്ച് നടന്ന ചടങ്ങില്‍ അനീഷിനെ അംഗീകാരം തേടിയെത്തി. അവിടെ വച്ച് അദ്ദേഹത്തിന് പട്ടും വളയും നല്കി ആദരിക്കുകയും പെരുവണ്ണാന് എന്ന ഉന്നത ആചാരപ്പദവി കല്പ്പിച്ചു നല്‍കുകയും ചെയ്തു.
അടുത്തില ചിറയില്‍ തറവാട്ടില്‍ കണ്ടനാര്‍ കേളന് കെട്ടിയാടിയ അദ്ദേഹത്തെ അടുത്തില കുലോത്തും വള നല്കി ആദരിച്ചിട്ടുണ്ട്. അനീഷ് പെരുവണ്ണാന് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്മ വരുന്നത് അദ്ദേഹം തനതായ ശൈലിയില്‍ അവതരിപ്പിക്കുന്ന കതിവനൂര്‍ വീരനെയാണ്. കോലം കെട്ടിയാടുമ്പോള്‍ മാങ്ങാട് മന്ദപ്പനായി മാറുന്ന അദ്ദേഹം, രൂപത്തിലും ഭാവത്തിലും വാക്കിനും ഒരുപോലെ പൂര്‍ണത പുലര്‍ത്തുന്നു. ഭക്തരുടെ മനമറിഞ്ഞ് സംസാരിക്കാനും തെയ്യത്തിന്റെ കലാശങ്ങള്‍ കൃത്യതയോടെ അനുഷ്ഠിക്കാനും പ്രത്യേക കഴിവുള്ള അദ്ദേഹം തെയ്യപ്രപഞ്ചത്തിലെ ഒരു ഉത്തമ മാതൃകയാണ്.
തെയ്യം എന്ന കോലസ്വരുപത്തെ അതിന്റെ എല്ലാ പ്രൗഢിയോടും ഗാംഭീര്യത്തോടും തനിമയോടും കൂടി തെയ്യാട്ടക്കാവുകളിലും ദേവതാസ്ഥാനങ്ങളിലും അവതരിപ്പിക്കാന്‍ അനീഷ് പെരുവണ്ണാന് അനിതരസാധാരണമായ കഴിവുണ്ട്. സാംസ്കാരിക പാരമ്പര്യത്തിന്റെ കണ്ണിയായി മാറിയ ഈ കലാകാരന്, ഉത്തര മലബാറിലെ തെയ്യാട്ടക്കാവുകളില് ഇപ്പോഴും സജീവ സാന്നിധ്യമാണ്.



