
റായ്പൂര്‍: മാവോയിസ്റ്റ് ആക്രമണത്തില്‍ 22 സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെടുകയും 30 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളിലെ വീഴ്ച വന്‍ ചര്‍ച്ചയാകുകയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയാണ്. 'യു' ആകൃതിയില്‍ ഒരുക്കിയ കെണിയിലേക്ക് സുരക്ഷാ ജീവനക്കാരെ മാവോയിസ്റ്റുകള്‍ ആകര്‍ഷിച്ചു വരുത്തുകയായിരുന്നെന്നും തുടര്‍ന്ന് മൂന്ന് ഭാഗത്ത് നിന്നു കൊണ്ട് വെടിയുതിര്‍ത്തു എന്നുമാണ് ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
കൊടും കുറ്റവാളി എന്ന നിലയില്‍ തലയ്ക്ക് ലക്ഷങ്ങള്‍ വില പറഞ്ഞിട്ടുള്ള മാവോയിസ്റ്റ് നേതാവ് മാഡ്വി ഹിഡ്മ ഉള്‍പ്പെടെയുള്ള രണ്ടു വന്‍ നേതാക്കളുടെ സാന്നിദ്ധ്യം ഇവിടെയുണ്ടെന്ന രീതിയില്‍ വിവരം നല്‍കിയാണ് സുരക്ഷാ വിഭാഗത്തെ കാടിനുള്ളില്‍ കുരുക്കിയത്. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മി ബറ്റാലിയന്റെ നമ്പര്‍ വണ്‍ കമാന്ററാണ് മാഡ്വി. ഇയാളും സഹായിയും ജാഗര്ഗുണ്ടാ ജോണാഗുണ്ടാ ടെറം ബെല്‍റ്റിലെ അസോസിയേറ്റുമായ സുജാതയും ഇവിടെയുണ്ടെന്ന വിവരം നല്‍കിയാണ് കെണിയൊരുക്കിയത്.
ഇരുവരേയും പിടിക്കാന്‍ സിആര്‍പിഎഫിലെ വന യുദ്ധത്തില്‍ പരിചയ സമ്പന്നരായ ബസ്താരിയ ബറ്റാിയനിലെ കോബ്ര ടീമും ജില്ലാ റിസര്‍വ് ഗാര്‍ഡുമായി ആറ് ക്യാമ്പുകളില്‍ നിന്നായി 2000 സൈനികരെയാണ് കൂട്ടിയത്. തലയ്ക്ക് 40 ലക്ഷം വില പറഞ്ഞിരിക്കുന്ന കൊടും കുറ്റവാളിയാണ് ഹിഡ്മ. 30 വയസ്സിനകത്ത് ഇന്നലെ നടന്നതിന് സമാനമായ അനേകം ആക്രമണങ്ങളാണ് ഇയാള്‍ നയിച്ചിരിക്കുന്നത്. മാര്‍ച്ച് 11 ന് സുക്മയില്‍ 25 സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ട സംഭവം, 2013 ല്‍ ഛത്തീസ്ഗഡിലെ ജീറം വാലിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 32 പേര് കൊല്ലപ്പെട്ടതുമായ അനേകം സംഭവങ്ങളുടെ മാസ്റ്റര്‍ ബ്രെയിന്‍ ഇയാളാണെന്നാണ് സംശയിക്കുന്നത്.
ഹിഡ്മയെ വെച്ചുളള കെണിയില്‍ ശനിയാഴ്ച വൈകിട്ട് സുരക്ഷാ വിഭാഗത്തിന്റെ ടീമുകള്‍ വീഴുകയായിരുന്നു. 400 ലധികം മാവോയിസ്റ്റുകള്‍ മൂന്ന വശത്ത് നിന്നും ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാ വിഭാഗം തിരിച്ചടിക്കാന്‍ കൂടി തുടങ്ങിയതോടെ കനത്ത വെടിവെയ്പ്പാണ് കാട്ടിലുണ്ടായി. 22 സൈനികരാണ് കൊല്ലപ്പെട്ടത്. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ടു ഡസനിലധികം ആയുധങ്ങളും മാവോയിസ്റ്റുകള്‍ കൊള്ളയടിച്ചു. വന്‍ മരങ്ങളുടെ മറവില്‍ മറഞ്ഞിരുന്ന് തുടര്‍ച്ചയായി വെടിവെയ്പ്പ് നടത്തിയാണ് മാവോയിസ്റ്റുകളെ ആയുധ മോഷണത്തില്‍ നിന്നും പിന്തിരിപ്പിച്ചത്. വിവരം ശേഖരിക്കുന്നതില്‍ ഇന്റലിജന്്സിന് വന്‍ പരാജയം നേരിട്ടെന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ആരോപിച്ചു.
എന്നാല്‍ ഇത് ഇന്റലിജന്റ്സിന്റെ പരാജയമല്ലെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല് പറഞ്ഞു. ഇത് ഒരു തരത്തിലും രഹസ്യാന്വേഷണ വിഭാഗത്തിന്റെയോ ഓപ്പറേഷന്റെയോ പരാജയമല്ലെന്നും അങ്ങിനെയായിരുന്നെങ്കില്‍ മാവോയിസ്റ്റുകളും കൊല്ലപ്പെടുമായിരുന്നോ എന്നും ചോദിച്ചു. രാഹുല്‍ഗാന്ധി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. മരണം 1:1 എന്ന നിലയില്‍ ആണെന്നും അതിനര്‍ഥം മോശമായി തയ്യാറാക്കപ്പെട്ട ഓപ്പറേഷന് എന്നാണെന്നും ജവാന്മാര് വെറും പീരങ്കിയ്ക്ക് ഇരയാകാന്‍ വേണ്ടി മാത്രമുള്ളവരല്ലെന്നും രാഹുല്‍ പറഞ്ഞു.
അതേസമയം മാവോയിസ്റ്റുകളുടെയും 25-30 പേര് കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിംഗ് പറഞ്ഞത്. പേരാട്ടഭൂമില് നിന്നും മൂന്ന ട്രാക്ടറുകള്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങളും പരിക്കേറ്റവരെയും മാവോയിസ്റ്റുകള്‍ കൊണ്ടുപോയതെന്നും പറഞ്ഞു. നാലു മണിക്കൂറോളം പോരാട്ടം നീണ്ടു നിന്നതായിട്ടാണ് ആന്റി നക്സല്‍ ഓപ്പഷേന്‍ തലവന്‍ അശോക് ജുവേജയും പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് താല്‍ക്കാലിക അവധി നല്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ജഗ്ദല്‍പൂരില്‍ എത്തിയിരുന്നു.






