
തിരുവനന്തപുരം: കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിനെതിരെ നടത്തിയ പ്രസ്താവന പിന്‍വലിച്ച് എഎം ആരിഫ് എംപി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരിത ബാബു മത്സരിക്കുന്നത് പാല് സൊസൈറ്റിയില്‍ അല്ലെന്ന എംപിയുടെ പരാമര്‍ശം വില കുറഞ്ഞതാണ്. പാല് വിറ്റ് ജീവിക്കുന്ന അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ഈ പരാമര്‍ശം. ഇതിന് കായംകുളം ജനത തക്കമറുപടി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
ആരിഫിന്റെ പരാമര്‍ശം സ്വന്തം സ്ഥാനത്തിന് ചേരാത്തതാണ്. അതിനെ ശക്തമായി അപലപിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
കായംകുളത്ത് വനിതാ സംഗമത്തില്‍ പ്രസംഗിക്കവെയാണ് ആരിഫിന്റെ വിവാദ പരാമര്‍ശം. പാല് സൊസൈറ്റിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പല്ല, കേരള നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓര്‍ക്കണമെന്നായിരുന്നു ആരിഫിന്റെ പരാമര്‍ശം. ആരിഫിന്റെ പ്രസ്താവന ഏറെ വേദനിപ്പിച്ചെന്ന് അരിത ബാബുവും പ്രതികരിച്ചിരുന്നു.






